കൊച്ചി: കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ സുപ്രധാന പങ്കുവഹിച്ച കലാലയമാണ് എറണാകുളം സെയ്ന്റ് ആൽബർട്‌സ് കോളേജെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളിയും പള്ളിക്കൂടങ്ങളും നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ നിരവധിയാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന സ്ത്രീധനമടക്കമുള്ള കുറ്റകൃത്യങ്ങൾക്കെതിരേ പോരാടാൻ യുവ തലമുറയെ പരിശീലിപ്പിക്കേണ്ടത് സെയ്‌ൻറ്‌‌ ആൽബർട്‌സ് പോലുള്ള കലാലയങ്ങളാണെന്നും ഗവർണർ പറഞ്ഞു. ബിരുദ, ഡിപ്ലോമ കോഴ്‌സുകൾ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിനു മുമ്പ് സ്ത്രീധനം വാങ്ങില്ലെന്ന്‌ പ്രതിജ്ഞ എഴുതി വാങ്ങിക്കണമെന്ന് ഗവർണർ നിർദേശിച്ചു.

വലിയ സാമൂഹിക പ്രതിബന്ധതയാണ് കഴിഞ്ഞ 75 വർഷമായി കോളേജ് വഹിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു. സെയ്ന്റ് ആൽബർട്‌സ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന്‌ മലയാളത്തിൽ പറഞ്ഞുകൊണ്ടാണ്‌ ഗവർണർ പ്രസംഗം തുടങ്ങിയത്.

സമൂഹത്തിലെ പ്രമുഖരായ പൂർവ വിദ്യാർത്ഥികൾ സെയ്ന്റ് ആൽബർട്‌സ് കോളേജിന്റെ മികവിന്റെയും സമർപ്പണ മനോഭാവത്തിന്റെയും തെളിവാണെന്ന്‌ മുഖ്യ പ്രഭാഷണം നടത്തിയ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പും കോളേജ് രക്ഷാധികാരിയുമായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ചടങ്ങിൽ അധ്യക്ഷനായി. ഹൈബി ഈഡൻ എം.പി., എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്, കോളേജ് അസോസിയേറ്റ് മാനേജർ ഫാ. ആന്റണി തോപ്പിൽ, പ്രിൻസിപ്പൽ ഡോ. എം.എ. സോളമൻ, പ്ലാറ്റിനം ജൂബിലി കോ-ഓർഡിനേറ്റർ ഡോ. ജെ. ജെയിംസൺ തുടങ്ങിയവർ പങ്കെടുത്തു.