കൊച്ചി: രാമായണ ശീലുകൾ സൗഖ്യം പകരുന്നതാണ് കർക്കടകത്തിലെ സന്ധ്യകൾ. ഒട്ടേറെപ്പേരാണ് ക്ഷേത്രങ്ങളിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രാമായണ പാരായണം കേൾക്കാനെത്തുന്നത്. കോവിഡ്കാല നിയന്ത്രണങ്ങൾ തുടരുമ്പോൾ രാമായണ പാരായണത്തിനും ഇക്കുറി പരിമിതികളുണ്ട്. ക്ഷേത്രങ്ങളിൽ രാമായണ പാരായണം നടത്തുന്നുണ്ടെങ്കിലും പ്രവേശനം പരിമിതമാണ്. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് വളരെ കുറച്ചുപേർക്കു മാത്രമേ നേരിട്ട് കേൾക്കാൻ കഴിയൂ. ഇതിനു പരിഹാരമായി ഭക്തസംഘടനകളും റസിഡൻറ്‌‌സ് അസോസിയേഷൻ ഗ്രൂപ്പുകളും ഓൺലൈൻ വായനയ്ക്ക് അവസരമൊരുക്കുന്നുണ്ട്. പ്രഭാഷണ വേദിയിൽനിന്നുള്ള ലൈവുകളും റെക്കോഡ് വീഡിയോകളുമായി രാമായണ പാരായണം നഷ്ടമാവാതെ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

പാരായണത്തിന്‌ വാട്‌സാപ്പ് കൂട്ടായ്മകളുമുണ്ട്. കഴിഞ്ഞ വർഷംതന്നെ ഓൺലൈൻ വായന എന്ന ചിന്ത ഉണ്ടായിരുന്നെങ്കിലും പലരും ഓൺലൈൻ രീതികളോട്‌ പൊരുത്തപ്പെട്ടു തുടങ്ങിയത് ഇപ്പോഴാണ്. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഓരോ ദിവസം ഓരോരുത്തരായി രാമായണം വായിക്കും. എറണാകുളം നഗരത്തിലെ പതിവ് ഭാഗവത-രാമായണ പാരായണ സംഘങ്ങളും ഓൺലൈനിലേക്ക്‌ ചുവടുമാറിക്കഴിഞ്ഞു.

ആറാം വർഷത്തിലേക്ക്‌ കടക്കുകയാണ് എറണാകുളം ക്ഷേത്ര സമിതി നടത്തുന്ന ‘ഭാവയാമി രഘുരാമം’ എന്ന പ്രഭാഷണ പരമ്പര. നിയന്ത്രണങ്ങളിൽ ഇളവു ലഭിച്ചതിനാൽ ഇക്കുറി നേരിട്ടുള്ള പാരായണമുണ്ട്. ക്ഷേത്ര മതിലിനു പുറത്ത്‌ പടിഞ്ഞാറേ നടയിൽ ക്ഷേത്ര കൂത്തമ്പലത്തിലാണ്‌ പ്രഭാഷണം നടത്തുന്നത്. നേരിട്ട് കേൾക്കാൻ കഴിയാത്തവർക്കായി ഓൺലൈനിലും സൗകര്യം ഒരുക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. എറണാകുളത്തപ്പൻ ക്ഷേത്രത്തിന്റെ ഔദ്യോഗിക പേജുകളിലൂടെ പാരായണം ഭക്തരിലേക്ക് എത്തിക്കും.

അവതരണം ലളിതമാക്കണം

ഓൺലൈൻ സാധ്യത ഉപയോഗപ്പെടുത്തി തുടങ്ങിയിട്ട് ഒരു വർഷമായി. സ്വന്തം കഥകൾക്കു പുറമേ, ‘ഐതിഹ്യമാല’യിലെ കഥകളും അവതരിപ്പിക്കുന്നുണ്ട്. നിരവധി പേർ ഓൺലൈൻ വായന പിന്തുടരുന്നുണ്ട്. ഇതു കാലത്തിന്റെ മാറ്റമാണ്. നേരിട്ടുള്ള അവതരണത്തെ അപേക്ഷിച്ച് ഓൺലൈൻ വായനയ്ക്ക് പരിമിതികളുമുണ്ട്. അതു തിരിച്ചറിഞ്ഞു വേണം അവതരിപ്പിക്കാൻ. വ്യാഖ്യാനങ്ങളും അർത്ഥ വിശദീകരണങ്ങളും കഴിവതും ലളിതമാക്കണം. ശ്രോതാക്കൾക്ക്‌ പിന്തുടരാൻ ബുദ്ധിമുട്ടുള്ള വാക്യങ്ങൾ ആവർത്തിക്കേണ്ടി വരും.

- ഡോ. ശ്രീകുമാരി രാമചന്ദ്രൻ, എഴുത്തുകാരി