കൊച്ചി: ആയുർവേദ ചികിത്സ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത്‌ കർക്കടക മാസത്തിലാണ്. പലതരം വൈറസുകളുടെ ലോകത്ത് ഏറ്റവും മികച്ച പ്രതിവിധി പ്രതിരോധമാണ്. കാലങ്ങളായി ആയുർവേദം പറയുന്നതും അതുതന്നെ. കോവിഡ് കാലത്ത്‌ ജീവിതശൈലിക്ക് വലിയ പ്രാധാന്യമുണ്ട്. ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന ദിനചര്യകൾ പിന്തുടരുകയും വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകുകയും വേണമെന്നാണ് ആയുർവേദം പറയുന്നത്.

ആയുർവേദത്തിലും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനു തന്നെയാണ് പ്രാധാന്യം. ആയുർവേദത്തിൽ ഒരു വർഷത്തെ, രണ്ടു മാസം വീതമുള്ള ആറ് ഋതുക്കളായി തിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തെ ആറു മാസം കൊണ്ട് പ്രതിരോധ ശേഷി ക്രമേണ കുറയും. കർക്കടകം ഉൾപ്പെടുന്ന വർഷ ഋതു എത്തുമ്പോൾ ശരീരബലവും ദഹനശേഷിയും ഏറ്റവും ദുർബലമാകുന്നു. ആ അവസ്ഥയിൽ വൈറസുകളും സാംക്രമിക രോഗങ്ങളും ശരീരത്തെ വേഗത്തിൽ കീഴ്‌പ്പെടുത്തുന്നു. തുടർന്നു വരുന്ന മാസങ്ങളിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും മുൻകരുതലുകൾ തുടരേണ്ടത് അനിവാര്യമാണ്.

ആയുർവേദ ശാസ്ത്ര പ്രകാരം കർക്കടകത്തിൽ ശരീരത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ ത്രിദോഷങ്ങൾ പ്രകോപിതമാകുകയും ദഹനശക്തി മന്ദീഭവിക്കുകയും ചെയ്യും. അതുകൊണ്ട്, അവയെ തുലനാവസ്ഥയിൽ എത്തിക്കുകയും ദഹനശക്തി വർധിപ്പിച്ച്‌ ആരോഗ്യത്തെ നിലനിർത്തുകയുമാണ് കർക്കടക ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രാചീനകാലം മുതൽ കർക്കടക മാസത്തിൽ തുടർന്നുപോരുന്ന ഒന്നാണ് കർക്കടക കഞ്ഞി, ഉലുവ കഞ്ഞി തുടങ്ങിയവയുടെ പ്രയോഗം. കർക്കടക ചികിത്സകളിലൂടെ ആരോഗ്യം സംരക്ഷിക്കുകയും പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്ത് ആരോഗ്യ പൂർണമായ സമൂഹത്തെ വളർത്തിയെടുക്കാൻ സാധിക്കും.

-ഡോ. മഹേഷ് കെ.എം.

കോളാപ്പിള്ളി ആയുർവേദ ക്ളിനിക്, തമ്മനം