അരൂർ : കോവിഡ് നിയന്ത്രിക്കാൻ ഒറ്റക്കെട്ടായ പ്രവർത്തനമാണ് അരൂരിൽ.. ജാഗ്രത കൈവിട്ടാൽ ആപത്താണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

കോവിഡ് പരിശോധനയും വാക്‌സിനേഷനും ഒരുമിച്ച് കൊണ്ടുപോകുകയാണിവിടെ. അതേസമയം പൊതുപ്രവർത്തകരിൽ ചിലർ കോവിഡ് പരിശോധനയുമായി സഹകരിക്കുന്നില്ലെന്ന പരാതിയും ആരോഗ്യവകുപ്പ് ഉന്നയിക്കുന്നു.

കഴിഞ്ഞയാഴ്ച അരൂർ ശ്രീകുമാരവിലാസം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിശോധനയിൽ നിന്ന് പലരും വിട്ടുനിന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

അരൂർ കുടുംബാരോഗ്യ കേന്ദ്രവും റോട്ടറി ക്ലബ്ബും ചേർന്ന് നടത്തുന്ന വാക്‌സിനേഷൻ ക്യാമ്പിൽ ആയിരത്തോളം പേർക്ക് വാക്‌സിൻ നൽകിയതായി മെഡിക്കൽ ഓഫീസർ ഡോ. ആശ അരവിന്ദ് പറഞ്ഞു. കൂടുതൽ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

തൈക്കാളമുറി ഓഡിറ്റോറിയത്തിൽ നടക്കുന്ന വാക്‌സിനേഷൻ ക്യാമ്പ് വെള്ളിയാഴ്ച വരെ തുടരും. 20-ന് അരൂർ ശ്രീകുമാരവിലാസം ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ കോവിഡ് പരിശോധന നടത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ, ബൂത്ത് ഏജന്റുമാർ, കോവിഡ് ലക്ഷണങ്ങളുള്ളവർ എന്നിവർ നിർബന്ധമായും പരിശോധനയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യവകുപ്പ് പ്രവർത്തകർ അറിയിച്ചു.

പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഇതിനുശേഷം വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടിയും ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

നിലവിൽ 2000 കോവിഡ് കേസുകൾ അരൂർ പഞ്ചായത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 95 ശതമാനം പേർ രോഗമുക്തരായി. 37 പേർ ചികിത്സയിൽ തുടരുകയാണ്.

തുടർച്ചയായി പരിശോധന നടത്തുകയും രോഗ ലക്ഷണമുള്ളവർ സ്വയം നിരീക്ഷണത്തിൽ ചികിത്സ നടത്തുകയുമാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.