മുളന്തുരുത്തി : വർധിച്ചു വരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായരുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ആരോഗ്യ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

വ്യാപനത്തിന്റെ രൂക്ഷത സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ശനിയാഴ്ചയ്ക്കുള്ളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തും. എല്ലാ പഞ്ചായത്തുകളിലും അടിയന്തരമായി വ്യാപാരി-വ്യവസായി സംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേരും. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ വീടുകളിൽ സ്റ്റിക്കർ പതിക്കുകയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താനും പൊതു ഇടങ്ങളിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള ക്രമീകരണങ്ങൾ റസിഡന്റ്‌സ് അസോസിയേഷനുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഒരുക്കാനും യോഗം തീരുമാനിച്ചു.

വാർഡ്തല ജാഗ്രതാ സമിതികൾ ക്രിയാത്മകമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തും. വിവാഹം തുടങ്ങിയ ചടങ്ങുകളിൽ പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിരീക്ഷണം ഏർപ്പെടുത്തും. ആരാധനാലയങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു.

വാക്‌സിൻ ലഭ്യതക്കുറവ് മൂലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള പൂത്തോട്ട, മുളന്തുരുത്തി, കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവയ്പ് തടസ്സപ്പെടുന്ന സാഹചര്യമാണെന്ന് മെഡിക്കൽ ഓഫീസർമാർ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ പഞ്ചായത്തുകൾക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം ചെലവഴിക്കാനാകാത്ത സാഹചര്യം ഉണ്ട്. ഇതിനായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം ചെലവഴിക്കാൻ പെരുമാറ്റച്ചട്ടത്തിൽ ഇളവ് വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ, മണീട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ്, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി മാധവൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. പ്രദീപ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയറ്റ് ടി. ബേബി, മെഡിക്കൽ ഓഫീസർമാരായ ഡോ. പി.എസ്. ഷാജി, സുധ എ., മുളന്തുരുത്തി സബ് ഇൻസ്പെക്ടർ കൃഷ്ണകുമാർ ടി.കെ., ചോറ്റാനിക്കര സബ് ഇൻസ്പെക്ടർ സുരേഷ് വി.ടി. തുടങ്ങിയവർ പങ്കെടുത്തു.