കൊച്ചി : കൊടിയേറ്റത്തിനൊരുങ്ങുന്ന പൂർണത്രയീശ ക്ഷേത്രത്തിന്റെ മുറ്റത്ത് നിൽക്കുമ്പോൾ ചന്ദ്രികയുടെയും രാധികയുടെയും മുഖത്ത് വലിയൊരു സങ്കടത്തിന്റെ നനവ്. ജനസമുദ്രമാകേണ്ടിയിരുന്ന പൂർണത്രയീശന്റെ മണ്ണിലുള്ളത് വിരലിലെണ്ണാവുന്നവർ മാത്രം. കോവിഡ്കാലം ഉത്സവങ്ങളിൽനിന്ന് പുരുഷാരത്തെ അകറ്റി.

ക്ഷേത്രമുറ്റത്തേക്ക് കൊടിയേറ്റ നാളിൽ ഇരുവരും വന്നത് ഒരു ഭരണ കാലാവധിയുടെ കൊടിയിറക്കം കഴിഞ്ഞാണ്. തൃപ്പൂണിത്തുറ നഗരസഭയുടെ അധ്യക്ഷ എൽ.ഡി.എഫിലെ എം. ചന്ദ്രികാദേവിയും പ്രതിപക്ഷ നേതാവ് ബി.ജെ.പി. യിലെ കെ. രാധിക വർമയും 'മാതൃഭൂമി'യോട് സംസാരിക്കുന്നു.

പടിയിറങ്ങുമ്പോൾ എന്തു തോന്നുന്നു

ചന്ദ്രിക: നല്ലൊരു ഭരണം കാഴ്ചവെക്കാനായി എന്ന സംതൃപ്തിയുണ്ട്. എൽ.ഡി.എഫ്. 25 സീറ്റ്‌ നേടിയപ്പോൾ 13 സീറ്റുമായി ബി.ജെ.പി.യും 11 സീറ്റുമായി കോൺഗ്രസും പ്രതിപക്ഷത്തെത്തി. ഏതാണ്ട്‌ തുല്യ നിലയിലുള്ള രണ്ടു പ്രതിപക്ഷത്തെയാണ് ഞങ്ങൾക്ക്‌ നേരിടേണ്ടി വന്നത്. ജില്ലയിൽ മറ്റൊരിടത്തും ഇതുപോലെയൊരു ഭരണാവസ്ഥ ഉണ്ടായതായി അറിയില്ല. രണ്ടു മാളുകളുടെ നിർമാണം, ബസ് ടെർമിനൽ തുടങ്ങി ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് ഞങ്ങൾ നടത്തിയത്.

അധ്യക്ഷയുടെ അവകാശവാദത്തോട് യോജിക്കുന്നുണ്ടോ

രാധിക: അധ്യക്ഷ പറഞ്ഞതുപോലെയുള്ള വികസനമൊന്നും ഇവിടെ നടന്നിട്ടില്ല. വികസനത്തിന്റെ മുദ്ര വേഗമാണ്. എന്നാൽ, എല്ലാ പദ്ധതികളിലും മെല്ലെപ്പോക്കായിരുന്നു ഇവരുടെ മുഖമുദ്ര. മെട്രോ തൃപ്പൂണിത്തുറയിലേക്ക്‌ വരുമ്പോഴേക്കും ഒരുപാട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടിയിരുന്നു. എന്നാൽ, അതൊന്നും പൂർണമായ അർത്ഥത്തിൽ നടപ്പായിട്ടില്ല.

മെട്രോയുടെ വരവിനായി നഗരസഭ വേണ്ടവിധത്തിൽ ഒരുങ്ങിയിരുന്നില്ലേ

ചന്ദ്രിക: പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്താണ്‌ ഞങ്ങൾ മുന്നോട്ടു പോകാൻ ശ്രമിച്ചത്. വികസന പ്രവർത്തനങ്ങളിൽ അവരുയർത്തുന്ന ആരോപണങ്ങൾ അവരുടെ രാഷ്ട്രീയം മാത്രമാണ്. മെട്രോ അടക്കമുള്ള എല്ലാ വികസനത്തിനും വേണ്ടത്ര ഒരുക്കങ്ങളുണ്ടായിരുന്നു. കേരളത്തിൽത്തന്നെ ആദ്യമായിട്ടാണ് ഒരു നഗരസഭ രണ്ട്‌ മാളുകൾ നിർമിക്കുന്നത്. ഞങ്ങൾ പണിത ഒരു മാളിൽ നിന്നുമാത്രം മാസം 45 ലക്ഷം രൂപ വാടക ലഭിക്കും.

പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് ഒരുമയോടെയാണ് മുന്നോട്ടുപോയതെന്ന വാദത്തെ അംഗീകരിക്കുന്നുണ്ടോ

രാധിക: എല്ലാവരേയും ഒരുപോലെ കണ്ടെന്ന്‌ വാക്കുകളിൽ പറഞ്ഞതല്ലാതെ അതു പ്രാവർത്തികമാക്കിയില്ല. ഭരണപക്ഷത്തെ കൗൺസിലർമാർക്ക്‌ കൂടുതൽ പരിഗണന കിട്ടിയിരുന്നു. പാർട്ടിയുടെ താത്പര്യമനുസരിച്ചാണ് ഇതിലെല്ലാം അധ്യക്ഷ നിലപാടെടുത്തത്.

വനിതകളായ രണ്ടുപേർ ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും നേതൃത്വത്തിൽ വന്നത് എത്രമാത്രം ഗുണകരമായി.

ചന്ദ്രിക: വനിതകളുടെ ഭരണമാണ്‌ നല്ലതെന്ന് ഇവിടത്തെ ആളുകൾ പറയും. ആർക്കും ഏതു വിഷയത്തിനും ഞങ്ങളെ സമീപിക്കാം. തുറന്ന മനസ്സോടെ വിഷയങ്ങളെ സമീപിക്കുന്നവരാണ് സ്ത്രീകൾ. അത്‌ തൃപ്പൂണിത്തുറയ്ക്കും ഗുണകരമായിട്ടുണ്ടെന്നാണ്‌ വിശ്വാസം.

നാളത്തെ തൃപ്പൂണിത്തുറയെക്കുറിച്ചുള്ള സ്വപ്നം

രാധിക: നാളത്തെ തൃപ്പൂണിത്തുറ ആസൂത്രിത നഗരമാകണം. മെട്രോ പൂർണമാകുന്നതോടെ കൊച്ചിയുടെ ഉപനഗരം തന്നെയായി വലിയ വികസനം ഇവിടെ വരണം.

ചന്ദ്രിക: സാംസ്കാരികമായി ഉയർന്നുനിൽക്കുന്ന തൃപ്പൂണിത്തുറയിൽ ഇനിയുമേറെ സാംസ്കാരിക പദ്ധതികൾ വരണം. നല്ല ആരോഗ്യമുള്ള ഒരു ജനതയും മാലിന്യമില്ലാത്ത തൃപ്പൂണിത്തുറയും വലിയ സ്വപ്നമാണ്.