സൈബർ പട്രോളിങ്‌ നടത്തിവരുന്നു

കിഴക്കമ്പലം : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഇത്തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ജില്ലയിൽ സൈബർ സെല്ലിന്റെയും സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെയും മേൽനോട്ടത്തിൽ സൈബർ പട്രോളിങ്‌ നടത്തുന്നുണ്ട്. സംശയമുള്ളവരെയും മുൻകാലങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരെയും പ്രത്യേകം നിരീക്ഷിക്കും. കോവിഡുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വാർത്തകൾ നിർമിക്കുന്നത് മാത്രമല്ല ഷെയർ ചെയ്യുന്നതും കുറ്റകരമാണ്. ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി, തെറ്റിദ്ധാരണ എന്നിവ പരത്തുന്നതും അശാസ്ത്രീയമായ ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരേയും പ്രചരിപ്പിക്കുന്നവർക്കെതിരേയും ഐ.ടി. ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം, ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് എന്നീ നിയമങ്ങൾ പ്രകാരമാവും നടപടികൾ സ്വീകരിക്കുകയെന്ന് എസ്.പി. അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട ഗവണ്മെന്റ് ഉത്തരവുകളും നിയന്ത്രണങ്ങളും മറ്റും ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ യഥാസമയം പോസ്റ്റ് ചെയ്യാറുണ്ട്.

198 കേസുകൾ

: റൂറൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് 198 കേസുകളാണ്

വെള്ളിയാഴ്ച രജിസ്റ്റർ ചെയ്തത്. 63 പേരെ അറസ്റ്റ് ചെയ്തു. 118 വാഹനങ്ങൾ കണ്ടുകെട്ടി. സാമൂഹിക അകലം പാലിക്കാത്തതിന് 1487 പേർക്കെതിരേയും മാസ്ക് ധരിക്കാത്തതിന് 1142 പേർക്കെതിരേയും നടപടി സ്വീകരിച്ചു. ക്വാറന്റീൻ ലംഘനത്തിന് രണ്ടു പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.