കൊച്ചി : ആലുവ ജലശുദ്ധീകരണ ശാലയിൽ കോവിഡ് സ്ഥിരീകരിച്ചത് എട്ട്‌ ജീവനക്കാർക്ക്. ഇതിൽ ആറു പേരും ഇപ്പോഴും ചികിത്സയിൽ.

അഞ്ചുപേർ ജലം ശുദ്ധീകരിക്കുന്ന ജോലി ചെയ്യുന്നവരും ഒരാൾ ഓവർസിയറുമാണ്. അവശ്യ സർവീസ് ആയിട്ടും ഇതുവരെ വാക്സിൻ ലഭിക്കാത്തതിനാൽ ജീവനക്കാർ ആശങ്കയിലാണ്.

നൂറ്റിയമ്പതോളം പേരാണ്‌ ഇവിടെയുള്ളത്. കൂടുതൽ പേരിലേക്ക്‌ കോവിഡ് പടർന്നാൽ ശുദ്ധീകരണശാല അടച്ചിടേണ്ടി വന്നേക്കും. കൊച്ചി നഗരത്തിലുൾ​െപ്പടെ കുടിവെള്ള വിതരണം മുടങ്ങും. കളക്ടറെ കാര്യങ്ങൾ ജല അതോറിറ്റി അറിയിച്ചു കഴിഞ്ഞു.തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്ന ജലശുദ്ധീകരണ ശാലയിലെ ഓഫീസ് ജീവനക്കാർക്കെല്ലാം ആദ്യ ഡോസ് വാക്സിൻ ലഭിച്ചു. എന്നാൽ, ജലശുദ്ധീകരണ ജോലികൾ ചെയ്യുന്ന ഓപ്പറേറ്റിങ് ജീവനക്കാർക്ക്‌ വാക്സിൻ ലഭിച്ചില്ല. ഇതിനിടെയാണ് എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ചിലരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചു.

ജീവനക്കാർക്ക് കോവിഡ് ബാധിച്ചതോടെ പകരം ആളുകളെ തയ്യാറാക്കി നിർത്തിയെങ്കിലും ഇവരിൽ സാങ്കേതിക ജ്ഞാനവും പരിചയസമ്പത്തും ഉള്ളവരില്ല. ഇക്കാരണത്താൽ ആദ്യ ഡോസും രണ്ടാം ഡോസും ലഭിക്കാനുള്ളവരെ ഒരുപോലെ പരിഗണിക്കണമെന്നാണ് അതോറിറ്റി കളക്ടറെ അറിയിച്ചത്. വാക്സിൻ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പു നൽകിയിട്ടുണ്ട്.