കോതമംഗലം : അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന് കിഴക്കൻ മേഖലയിൽ കാലവർഷം കനത്തു. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ പെരിയാർ, പൂയംകുട്ടിയാർ, കുട്ടംപുഴ, കോഴിപ്പിള്ളി പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ചെറുതും വലുതുമായ തോടുകളും നിറയുകയാണ്. താലൂക്കിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കോതമംഗലം താലൂക്ക് ഓഫീസിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന നേര്യമംഗലം, കടവൂർ വില്ലേജുകളിൽ എറണാകുളം മെട്രോ ഡെപ്യൂട്ടി കളക്ടർ ഒ.ജെ. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി.

മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതിനും നടപടിയെടുത്തു. നേര്യമംഗലം 46 ഏക്കർ ഭാഗത്തെ 42 കുടുംബങ്ങൾക്കും കടവൂരിൽ 13 കുടുംബങ്ങൾക്കും റവന്യൂവകുപ്പ് നോട്ടീസ് നൽകി. കോവിഡ്മൂലം പലരും സമീപത്തേയും ബന്ധുവീടുകളിലേക്കും താമസം മാറ്റി. ഡിസാസ്റ്റർ മാനേജുമെന്റിന്റെ നിർദേശാനുസരണം തഹസിൽദാറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ ഓൺലൈൻ മീറ്റിങ് നടത്തി. അടിയന്തര സാഹചര്യം നേരിടുന്നതിന് മുൻകരുതൽ നടപടിയെടുത്തു. പെരിയാറിൽ ഉൾപ്പെടെ ജലനിരപ്പ് ഉയർന്നതോടെ ഭൂതത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളിൽ മൂന്നെണ്ണം ഉയർത്തി. ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തിയാണ് അധികജലം താഴേക്ക് ഒഴുക്കുന്നത്. ഡാമിന്റെ പരമാവധി സംഭരണശേഷി 34.95 മീറ്ററാണ്. നിലവിൽ 34.5 മീറ്ററാണ് ജലനിരപ്പ്. 34 മീറ്ററിൽ ജലനിരപ്പ് ക്രമീകരിക്കുമെന്ന് പെരിയാർ വാലി അധികൃതർ പറഞ്ഞു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത്് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മഴ കനത്തുതുടങ്ങി. ജലനിരപ്പ്്് ക്രമാതീതമായി ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവരും. ഇടമലയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത്് ഒരാഴ്ചയായി ശക്തമായ മഴയായിരുന്നു. ഡാമിലെ ജലനിരപ്പ്് 139.52 മീറ്ററാണ്. പരമാവധി സംഭരണശേഷി 169 മീറ്ററാണെങ്കിലും 161 മീറ്റർ എത്തിയാൽ ഡാം തുറക്കുമെന്ന്് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു. ഡാം തുറക്കണമെങ്കിൽ 21.5 മീറ്റർ ജലനിരപ്പ് ഉയരണം. വൈദ്യുതി ഉത്‌പാദനം പൂർണതോതിലാക്കിയിട്ടുണ്ട്. ന്യൂനമർദം തത്‌കാലം ഭീഷണിയാവില്ലെന്ന പ്രതീക്ഷയാണുള്ളത്.ഇടമലയാറും ഭൂതത്താൻകെട്ടും...  പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ഭൂതത്താൻകെട്ട് ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നപ്പോഴത്തെ ദൃശ്യം