: ബോണറ്റിനുള്ളിൽ ഒതുങ്ങിയിരിക്കുന്നതെങ്കിലും വണ്ടി ഓടുന്നതിൽ ബാറ്ററിയുടെ പങ്ക് വലുതാണ്. ബാറ്ററിക്ക്‌ ചെറിയൊരു ശ്രദ്ധ നൽകിയാൽ അതിന്റെ കാലാവധിയും കൂടും വഴിയിൽ കിടക്കേണ്ടി വരികയുമില്ല. പോക്കറ്റിന് ചെലവേറുന്നതും കുറയും. വാഹനത്തിന്റെ സ്റ്റാർട്ടർ മോട്ടോർ, ഇഗ്നീഷ്യൻ സിസ്റ്റം, മറ്റ് ഇലക്‌ട്രിക് സംവിധാനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം വൈദ്യുതി നൽകുന്നത്‌ ബാറ്ററിയിൽനിന്നാണ്. മെയിന്റനൻസ് ആവശ്യമില്ലാത്ത ന്യൂ ജനറേഷൻ ബാറ്ററികളാണെങ്കിലും ഇടയ്ക്കിടെ ബാറ്ററി പരിശോധിക്കുന്നത് നല്ലതാണ്. സാധാരണയായി മൂന്നു മുതൽ അഞ്ചു വർഷം വരെയാണ് ഒരു കാർ ബാറ്ററിയുടെ ലൈഫ്.

ഒന്നു ശ്രദ്ധിച്ചാൽ ബാറ്ററിയുടെ ലൈഫ് വർധിപ്പിക്കാൻ സാധിക്കും. അധികം ഉപയോഗിക്കാത്ത വാഹനമാണെങ്കിലും ഇടയ്ക്ക്‌ സ്റ്റാർട്ടാക്കുക. അത് ബാറ്ററിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. ബാറ്ററി എപ്പോഴും കാറിൽ നന്നായി ഉറപ്പിച്ചു വയ്ക്കണം. ഇളകിക്കൊണ്ടിരിക്കുന്ന ബാറ്ററിയുടെ പുറംചട്ടയ്ക്കും ഉള്ളിലെ ലെഡ്‌ പ്ലേറ്റുകൾക്കും പൊട്ടൽ വീഴാൻ ഇടയുണ്ട്. കൂടാതെ കേബിൾ കണക്ഷനുകൾ വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്ത കേബിൾ കണക്ഷൻ വൈദ്യുതി പ്രവാഹം തടസ്സപ്പെടുത്തും. അത് സ്റ്റാർട്ടിങ് ട്രബിളിനും വഴിയൊരുക്കിയേക്കാം. ബാറ്ററി കേബിളുകൾ ടെർമിനലുകളുമായും ബോഡിയുമായും ചേർത്ത് നന്നായി ഉറപ്പിച്ചിരിക്കണം. ഇല്ലെങ്കിൽ വാഹനം ഓടുമ്പോഴുണ്ടാകുന്ന ചലനങ്ങൾ കേബിളിന്റെ ഇൻസുലേഷന് തേയ്മാനം ഉണ്ടാക്കി ഷോർട്ട് സർക്യൂട്ടിനിടയാക്കും. കൂടാതെ കാറിനുള്ളിലെ റൂഫ് ലൈറ്റുകൾ, പാർക്ക് ലൈറ്റുകൾ, എ.സി. എന്നിവ കാർ സ്റ്റാർട്ട് അല്ലാത്തപ്പോൾ അധിക നേരം പ്രവർത്തിക്കുന്നത് ബാറ്ററിയെ തകരാറിലാക്കിയേക്കാം.

കാറിന്റെ ബാറ്ററി കണ്ടീഷൻ മോശമാണോ എന്ന്‌ തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്. സാധാരണയിൽ കൂടുതൽ നേരം സ്റ്റാർട്ടർ കറങ്ങിയാൽ മാത്രമേ എൻജിൻ സ്റ്റാർട്ടാകുന്നുള്ളൂ എങ്കിൽ ബാറ്ററിയുടെ കുഴപ്പമാകാം. എൻജിൻ ഓൺ ആക്കി ഹെഡ്‌ലൈറ്റ് ഓണാക്കിയ ശേഷം ഹോണടിച്ചു നോക്കുക. ഹെഡ്‌ലൈറ്റ് മങ്ങുന്നുണ്ടെങ്കിൽ എത്രയും വേഗം ബാറ്ററി പരിശോധിപ്പിക്കണം. ബാറ്ററി അത്ര നല്ലതല്ലെന്ന് കണ്ടെത്തിയാൽ ഉടൻ മാറുന്നതായിരിക്കും ഉത്തമം.