കൊച്ചി: സ്റ്റാർട്ടപ്പ് രംഗത്ത് പുതിയ അവസരങ്ങൾക്ക്‌ വഴിയൊരുക്കുന്ന സംയോജിത സ്റ്റാർട്ടപ്പ് ഹബ്ബ് ഈ വർഷം ഓഗസ്റ്റോടെ പൂർണമാകും. ഇതിൽ ശേഷിക്കുന്ന രണ്ടു കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.

ഡിസൈൻ ഇൻക്യുബേറ്റർ, ബ്രിക് (കാൻസർ ഇൻക്യുബേറ്റർ) എന്നിവയും ഇതിന്റെ ഭാഗമായി യാഥാർഥ്യമാകും. കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിനകത്താണ് ഇവയും നിർമിക്കുന്നത്. 13 ഏക്കറിലാണ് ടെക്‌നോളജി ഇന്നൊവേഷൻ സോൺ. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിലും ഇത് ഇടം നേടി.

സംയോജിത സ്റ്റാർട്ടപ്പ് ഹബ്ബിന്റെ വികസനം പൂർത്തിയാകുന്നതോടെ പുതിയ മേഖലകളിലാണ് അവസരങ്ങൾ ഒരുങ്ങുന്നത്. ടെക്‌നോളജി ഇന്നൊവേഷൻ സോൺ കേന്ദ്രീകരിച്ച് ഇപ്പോൾ 150-ലേറെ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു.

ഡിസൈൻ ഇൻക്യുബേറ്ററും കാൻസർ ഇൻക്യുബേറ്ററുമെല്ലാം പൂർത്തിയാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ സംയോജിത സ്റ്റാർട്ടപ്പ്‌ കോംപ്ലക്സുകളിലൊന്നാകും കൊച്ചിയിലേത്. ഇലക്‌ട്രോണിക്സ് ഇൻക്യുബേറ്ററായ മേക്കർ വില്ലേജ്, സൂപ്പർ ഫാബ് ലാബ് തുടങ്ങിയവയെല്ലാം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ഡിസൈൻ ഇൻക്യുബേറ്റർ

ഡിസൈനിങ് രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ ഉദ്ദേശിച്ചാണിത്. വിവിധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രോഡക്ട്‌ ഡെവലപ്‌മെന്റിനും ഡിസൈനിങ്ങിനും വലിയ സാധ്യതകളാണുള്ളത്. അന്താരാഷ്ട്ര തലത്തിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണവും പദ്ധതിയിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ‘ഡിസൈൻ വീക്’ കൊച്ചിയിൽ നടത്തിയിരുന്നു. 9000 ചതുരശ്രയടി സ്ഥലമാണ് ഡിസൈൻ ഇൻക്യുബേറ്ററിന് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തേതായിരിക്കും ഈ സംവിധാനം.

കാൻസർ ഇൻക്യുബേറ്റർ

കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെയാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളെയും ഈ സ്റ്റാർട്ടപ്പുകളെയും ഒരുമിപ്പിക്കാൻ ബ്രിക് (സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച്ച്, ഇന്നൊവേഷൻ ആൻഡ് കമേഴ്‌സ്യലൈസേഷൻ) എന്ന് പേരിട്ടിരിക്കുന്ന കാൻസർ ഇൻക്യുബേറ്ററിനാകും. കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഉൾപ്പെടെയുള്ളവയുടെ പിന്തുണയോടെയാണ് ബ്രിക് പ്രവർത്തിക്കുക. 11,000 ചതുരശ്രയടിയിലാണ് ഈ സൗകര്യം ഒരുങ്ങുക.

ആദ്യ കെട്ടിടം: സൗകര്യങ്ങളിങ്ങനെ

ആകെ സ്ഥലം 2.07 ലക്ഷം ചതുരശ്രയടി

* കാൻസർ ഇൻക്യുബേറ്റർ

* ഡിസൈൻ ഇൻക്യുബേറ്റർ

* ആംഫി തിയേറ്റർ - 500 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും.

* ഓഫീസ് സൗകര്യം - 500 പേർക്കുള്ള സൗകര്യങ്ങളുണ്ടാകും.

* പരിശീലന കേന്ദ്രം - 84 പേരെ പരിശീലിപ്പിക്കാൻ സൗകര്യം.

* കോൺഫറൻസ്, മീറ്റിങ് ഹാൾ

* ഡിജിറ്റൽ സ്റ്റുഡിയോ

* ബിസിനസ് സെന്റർ

* പാൻട്രി

* അതിഥികൾക്കുള്ള ഏരിയ

* പാർക്കിങ് സൗകര്യം

* എട്ട് അപ്പാർട്ട്‌മെന്റുകൾ

* ജിം

രണ്ടാമത്തെ കെട്ടിടം

ആകെ സ്ഥലം 43,000 ചതുരശ്രയടി

* വാണിജ്യാവശ്യങ്ങൾക്ക് - 1550 ചതുരശ്രയടി സ്ഥലം (വാടകയ്ക്ക്‌ നൽകാൻ)

* ഫുഡ് കോർട്ട്

* ഓഫീസ് സൗകര്യം - 200 സീറ്റുകൾ

* ഗെയിമിങ് സോൺ