കൊച്ചി: 60 ദിവസം, അതായത് രണ്ടു മാസം. ഈ സമയംകൊണ്ട്‌ പണി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. നിർമാണം ഇഴഞ്ഞിഴഞ്ഞു പോകുന്ന ഇടപ്പള്ളി റെയിൽവേ അണ്ടർപാസിനെക്കുറിച്ചാണ്. എന്നാൽ, നിർമാണോദ്ഘാടനം കഴിഞ്ഞ് 15 മാസം കഴിയുമ്പോഴും പണി അവസാന ഘട്ടത്തിലേക്ക് പോലും എത്തിയിട്ടില്ല.

20 പണിക്കാരെയും കൊണ്ട് സ്പീഡ് ട്രാക്കിലായിരുന്നു നിർമാണം തുടങ്ങിയത്. മാസങ്ങളായി അഞ്ചു പണിക്കാരുമായി നിർമാണം ഇപ്പോൾ ഇഴഞ്ഞുനീങ്ങുന്നു. റെയിൽപ്പാതയുടെ അടിയിൽ തുരങ്കം നിർമിച്ച് ഇത് വാർക്കുന്നതാണ് ഏറ്റവും പ്രയാസമേറിയ പണി. ഈ പണി വളരെ വേഗത്തിൽ പൂർത്തിയായി. പക്ഷേ, വടക്കേ ഇന്ത്യക്കാരായ തൊഴിലാളികൾ കോവിഡ് വ്യാപനത്താൽ നാട്ടിലേക്കു പോയതോടെ പണിയുടെ താളംതെറ്റി.

തടസ്സം പലവിധം

2020 മാർച്ച് ഏഴിനായിരുന്നു നിർമാണ ഉദ്ഘാടനം. പിന്നീട് ആറു മാസം കഴിഞ്ഞാണ്‌ നിർമാണം തുടങ്ങിയത്. എന്നും പലവിധ തടസ്സങ്ങളാണ്. 2014-ൽ പദ്ധതിയുടെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതാണ്, 2016-ൽ ഫണ്ടും പ്രഖ്യാപിച്ചു. എന്നാൽ ഫണ്ട് റെയിൽവേയ്ക്ക് കൈമാറാനായത് 2018 ജൂണിലാണ്. എം.എൽ.എ. ഫണ്ട് റെയിൽവേയ്ക്ക് കൈമാറുന്നതിലെ സാങ്കേതിക പ്രശ്നങ്ങളാണ് വിനയായത്. പിന്നാലെ റെയിൽപ്പാതയ്ക്കടിയിൽ തുരങ്കം പണിയാൻ, ഇതുവഴി പോകുന്ന തീവണ്ടിയുടെ വേഗം കുറയ്ക്കണമെന്നായി. എം.പി. ഇടപെട്ട് ഇതിനുള്ള പ്രത്യേക ഉത്തരവ് വാങ്ങി. 2019 ഡിസംബറിൽ പണി തുടങ്ങാനായിരുന്നു എം.പി.യുടെ ശ്രമം. എന്നാൽ, ‘പ്രദേശത്ത് ജലനിരപ്പ് താഴണം, ഇതിനായി കാത്തിരിക്കണം’ എന്നു പറഞ്ഞ്‌ സമയം വീണ്ടും റെയിൽവേ നീട്ടി.

ഒടുവിൽ 2020 മാർച്ചിൽ നിർമാണം തുടങ്ങാമെന്ന ഘട്ടം വന്നപ്പോഴാണ് നിർമാണ ഉദ്ഘാടനം നടത്തിയത്. കോവിഡ് വ്യാപനവും പിന്നാലെ ലോക്ഡൗണും എത്തിയതോടെ പണി ലോക്കായി. ലോക്ഡൗൺ അവസാനിച്ചതോടെ ജലനിരപ്പ് ഉയർന്നുവെന്ന കാരണത്താൽ പണി തുടങ്ങാനായില്ല.

ഒടുവിൽ ജലനിരപ്പ് പ്രശ്നം ബാധിക്കുന്ന ഇടത്തെ ജോലികൾ തീർന്നു. എന്നാൽ തുടർന്നുള്ള ജോലികൾ മന്ദഗതിയിൽ നീങ്ങുകയാണ്.

മെല്ലെപ്പോക്ക്

കുന്നുംപുറം ഭാഗത്തുനിന്ന് അണ്ടർപാസിലേക്ക് വരുന്ന ഭാഗത്ത് രണ്ടുവശത്തും സംരക്ഷണ ഭിത്തിയുടെ വാർക്കൽ ജോലികൾ നേരത്തെതന്നെ കഴിഞ്ഞു. എന്നാൽ മറുഭാഗത്തെ ഭിത്തിയുടെ വാർക്കൽ പൂർത്തിയായിട്ടില്ല. ഇവിടെ ഒരിടത്തെ വാർക്കൽ അടുത്തിടെയാണ് നടന്നത്. ഒരിടത്ത് വാർക്കാൻ കമ്പികെട്ടുന്ന ജോലികൾ നടക്കുന്നു. അണ്ടർപാസ് സഞ്ചാരയോഗ്യമാക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് പണിയിലെ മെല്ലെപ്പോക്ക് സൂചിപ്പിക്കുന്നത്.

അണ്ടർപാസ് തുറന്നാൽ

അണ്ടർപാസ് യാഥാർഥ്യമായാൽ ഇടപ്പള്ളി റെയിൽവേ മേൽപ്പാലത്തിലെ തിരക്ക് കുറയ്ക്കാനാകും. പോണേക്കര, കുന്നുംപുറം ഭാഗത്തെ ആളുകൾക്ക് എളുപ്പത്തിൽ ഇടപ്പള്ളിയിലെത്താം. അമൃത ആശുപത്രിയിലേക്കുള്ള ആംബുലൻസുകൾക്ക് പാലം കയറിയിറങ്ങാതെ തന്നെ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താം. ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിലേക്കും ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നവർക്കും അണ്ടർപാസ് ആശ്വാസമാകും.

വെള്ളത്തിലാകുമോ തുരങ്കം?

ഇടപ്പള്ളി അണ്ടർപാസിന്റെ രണ്ടു വശങ്ങളിലുമുള്ള വട്ടേക്കുന്നം അണ്ടർപാസ്, മാക്കാപ്പറമ്പ് അണ്ടർപാസ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് പ്രശ്നമുണ്ട്. മഴ പെയ്താൽ ഇവിടെ വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെടും. ഇടപ്പള്ളി അണ്ടർപാസിനും ഇതേ ഗതി വരുമെന്ന ആശങ്കയുണ്ട്. നിലവിൽ തുരങ്കത്തിന്റെ പകുതിയോളം ഭാഗവും വെള്ളത്തിലാണ്. നിർമാണം പൂർത്തിയായിക്കഴിഞ്ഞും വെള്ളക്കെട്ട് പ്രശ്നം വന്നാൽ മോട്ടോർ പമ്പ് സ്ഥിരമായി വെക്കേണ്ടി വരും. അതായത്, മറ്റു രണ്ട് അണ്ടർപാസിന്റേതു പോലെ തന്നെ. വെള്ളക്കെട്ട് വരാത്ത രീതിയിൽ നിർമാണം നടത്തണമെന്ന് പദ്ധതിയുടെ പ്രഖ്യാപനം മുതൽ പല ഭാഗങ്ങളിൽനിന്ന് ആവശ്യമുയർന്നിരുന്നു. വർഷങ്ങൾക്കു മുമ്പേ പണിത അണ്ടർപാസുകളുടെ അനുഭവം വെച്ചായിരുന്നു മുന്നറിയിപ്പ്.