കൊച്ചി: റോഡിനു നടുവിലെ പൂന്തോട്ടം. കൊച്ചി മെട്രോയ്ക്കൊപ്പമുള്ള അതിമനോഹരമായ കാഴ്ചയായിരുന്നു ഇത്. ചിലയിടത്ത് മെട്രോത്തൂണുകളും മീഡിയനുമൊക്കെ ഇപ്പോഴും പച്ചപുതച്ചു നിൽക്കുന്നു. കാടുകയറിയ പൂന്തോട്ടമാണ് മറ്റു ചിലയിടങ്ങളിലെ കാഴ്ച. നഗരത്തിൽ പച്ചപ്പ്‌ തിരികെയെത്തിക്കുമെന്ന പ്രതീക്ഷയോടെയാണ്‌ മെട്രോ സൗന്ദര്യവത്കരണം വിഭാവനം ചെയ്തത്. പൂക്കളും ചെടികളും നിറഞ്ഞ പൂന്തോട്ടം മെട്രോ മീഡിയനുകളിൽ നിറയ്ക്കുമെന്നായിരുന്നു വാഗ്ദാനം. മെട്രോയെത്തി വർഷങ്ങളായിട്ടും മീഡിയൻ സൗന്ദര്യവത്കരണം അപൂർണം. പാലാരിവട്ടം, ചങ്ങമ്പുഴ പാർക്ക്, ജെ.എൽ.എൻ. സ്റ്റേഡിയം തുടങ്ങിയ ചുരുക്കം സ്റ്റേഷനുകളിലെ മീഡിയനുകളിൽ മാത്രമാണ്‌ മനോഹരമായ പൂന്തോട്ടമുള്ളത്. ബാക്കി പലയിടങ്ങളിലും ചപ്പും ചവറും പുല്ലും നിറഞ്ഞ് കാടാണിപ്പോൾ. വെർട്ടിക്കൽ ഗാർഡനുകളും പലയിടത്തും കരിഞ്ഞുപോയി. ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് അവ നന്നായി പരിപാലിക്കുന്നത്. ഇത്തരത്തിൽ നഗരമധ്യത്തിൽ പ്രകൃതിസൗന്ദര്യം ഉറപ്പാക്കുമെന്ന മെട്രോയുടെ സാമൂഹിക ഉത്തരവാദിത്വം കാടുപിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. കൃത്യമായ പരിപാലനം ഇല്ലാത്തതാണ്‌ പ്രധാന കാരണം.

പാതിവഴിയിൽ വെർട്ടിക്കൽ ഗാർഡനുകൾ

വെർട്ടിക്കൽ ഗാർഡനുകൾ പച്ചപ്പു വീശുമെന്ന പ്രതീക്ഷയോടെയാണ്‌ മെട്രോ തൂണുകളിൽ ചെടി പിടിപ്പിച്ചു തുടങ്ങിയത്. തൂണിന് ചുറ്റും സ്റ്റീൽ ഫ്രെയിം പിടിപ്പിച്ച് അതിൽ തുണികൊണ്ടുള്ള ബാഗുകളിലാണ് ചെടി നടുന്നത്. പലതരം മണിപ്ലാന്റുകളും ആന്തൂറിയം തുടങ്ങിയ ചെടികളുമാണ് ഇതിൽ നട്ടിരുന്നത്. നല്ല പരിചരണം ലഭിച്ചില്ലെങ്കിൽ നട്ടതിനു പിന്നാലെ നശിച്ചുപോകുന്നതാണ് വെർട്ടിക്കൽ ഗാർഡനുകൾ. കൃത്യമായി വെള്ളമൊഴിച്ച് വെട്ടിയൊരുക്കി ഇവയെ പരിപാലിക്കണം. പല തൂണുകളിലും ചെടികൾ നശിച്ചു. നന്നായി വളർന്നു നിൽക്കുന്നിടത്താകട്ടെ വെട്ടിയൊരുക്കലുമുണ്ടായിട്ടില്ല.

പുല്ല് നിറഞ്ഞ്

മെട്രോ മീഡിയനുകളിൽ ചെടികളും പൂക്കളും നട്ട്‌ പൂന്തോട്ടം നിർമിക്കാനും കൊച്ചി മെട്രോയുടെ പദ്ധതിയായിരുന്നു. ചുരുക്കം ചില മെട്രോ സ്റ്റേഷനുകളിലും മീഡിയനിലും മാത്രമാണ് പൂന്തോട്ടമുള്ളത്. പകരം റോഡിലേക്ക് വളർന്നു നിൽക്കുന്ന പുല്ലും കുറ്റിച്ചെടികളുമാണ് ഭൂരിഭാഗം ഭാഗത്തുമുള്ളത്. കാടുപിടിച്ച മീഡിയനുകൾ ഇരുചക്ര വാഹനങ്ങൾക്കും യാത്രാക്ലേശം ഉണ്ടാക്കുന്നുണ്ട്. മീഡിയനുകളിൽ മാലിന്യമിടുന്നതിലും കുറവില്ല. എം.ജി. റോഡ് ഭാഗം, പാലാരിവട്ടത്തിനും മാമംഗലത്തിനും ഇടയിലുള്ള ഭാഗം, ലിസി ജങ്‌ഷൻ എന്നിവിടങ്ങളിൽ പലതരം മാലിന്യങ്ങൾ കാണാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചാക്കുകൾ, കമ്പികൾ മുതലായവ ഇതിലുണ്ട്. പല മീഡിയനുകളിലും നിർമാണ അവശിഷ്ടങ്ങളുമുണ്ട്. സിമന്റുകട്ട, ബാരിക്കേഡുകൾ തുടങ്ങിയവയാണ് പ്രധാനം. ഇവയെല്ലാം റോഡ് മുറിച്ചുകടക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ലോക്ഡൗൺ ബുദ്ധിമുട്ടായി

കൊച്ചി മെേട്രാ മീഡിയനുകൾ വിവിധ സ്ഥാപനങ്ങൾക്ക്‌ തുച്ഛമായ ചെലവിൽ പരിപാലനത്തിന്‌ നൽകിയിരിക്കുകയാണ്. തൊണ്ണൂറു ശതമാനം മീഡിയനുകളും ഇത്തരത്തിൽ നൽകിക്കഴിഞ്ഞു. തൈക്കൂടം, പേട്ട ഭാഗങ്ങളിൽ മാത്രമാണ്‌ മീഡിയൻ പരിപാലനത്തിന് ആരുമില്ലാത്തതെന്നും മെട്രോ അധികൃതർ അറിയിച്ചു. ആളുകൾ ഏറ്റെടുത്ത ഭാഗങ്ങളിൽ പുല്ലു വളർന്നാലും അതു വൃത്തിയാക്കേണ്ടത് അവരുടെ ചുമതലയാണ്. എങ്കിലും കാടുപിടിച്ച സ്ഥലങ്ങൾ വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും മെട്രോ അധികൃതർ അറിയിച്ചു.