കൊച്ചി: “കളിപ്പാട്ടമായ് കൺമണി നിന്റെ മുന്നിൽ

മനോവീണ മീട്ടുന്നു ഞാൻ

നെഞ്ചിലെ മോഹമാം ജലശയ്യയിൽ

നിൻ സ്വരക്കൂട് കൂട്ടുന്നു ഞാൻ ദേവി...”

നിന്റെ കണ്ണീർക്കണവും നിന്റെ വഴിപ്പൂവും ഞാൻ തന്നെയെന്നു പ്രിയപ്പെട്ടവളോടു പാടി നമ്മുടെ കാതോരത്തേക്കു സങ്കടത്തോടെ ഒഴുകിയെത്തിയ വേണുവിനെ ഓർമയുണ്ടോ. ‘കളിപ്പാട്ടം’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച വേണുഗോപാൽ എന്ന കഥാപാത്രത്തോടൊപ്പം സുന്ദരമായ ചിരിയും നോവുമായി വിടർന്ന ഒരു പൂവ് കൂടിയുണ്ടായിരുന്നു, അയാളുടെ മകൾ. വേണുവിന്റെ മകളായി അഭിനയിച്ച ദീപ്തി പിള്ള 27 വർഷങ്ങൾക്കിപ്പുറം ഇന്നും ദീപ്തമായ പ്രതിഭയോടെ ഇവിടെയുണ്ട്. പ്രൊഡക്ഷൻ ഡിസൈനർ, സംവിധായിക, ചാനൽ ബിസിനസ് ഹെഡ് തുടങ്ങി പല വേഷങ്ങളിലെ വിജയത്തിന്റെ അടയാളമാണ്. കഴിഞ്ഞ ദിവസം കാനഡയിലെ ടൊറന്റോയിൽ നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ മികച്ച ബയോഗ്രഫിക്കൽ സിനിമയ്ക്കുള്ള പുരസ്കാരം ദീപ്തി സംവിധാനം ചെയ്ത ‘ഡികോഡിങ് ശങ്കർ’ എന്ന ചിത്രത്തിനായിരുന്നു.

എൻജിനീയറുടെ സംഗീതം

ദീപ്തി സംവിധാനം ചെയ്ത ആദ്യ ഡോക്യുമെന്ററിയാണ് ‘ഡികോഡിങ് ശങ്കർ’. ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിനു വലിയ അംഗീകാരം കിട്ടിയതിന്റെ സന്തോഷം കൊച്ചിയിലെ ഫ്ളാറ്റിലിരുന്നു ദീപ്തി പങ്കുവെച്ചു. “രണ്ടര വർഷം കൊണ്ടാണ് ഞാൻ ഈ ചിത്രം പൂർത്തിയാക്കിയത്. സംവിധായകനും തിരക്കഥാകൃത്തുമായ ഭർത്താവ് സഞ്ജീവ് ശിവൻ ജീവിതത്തിലേക്കു കടന്നുവന്നതോടെയാണ് ഞാൻ സിനിമയുടെ അണിയറ ലോകത്തേക്കു സഞ്ചാരം തുടങ്ങുന്നത്. മറ്റൊരാളുടെ മേൽവിലാസത്തിന്റെ തണലില്ലാതെ സ്വയം ഒരു ഫിലിം മേക്കറാകാൻ ശ്രമിക്കുകയെന്നായിരുന്നു സഞ്ജീവേട്ടൻ പറഞ്ഞിരുന്നത്. പ്രൊഡക്ഷൻ ഡിസൈനർ എന്ന നിലയിൽ സഞ്ജീവേട്ടനൊപ്പം പല സിനിമകളിലും പ്രവർത്തിച്ചു. ഒരു ഡോക്യുമെന്ററിയെക്കുറിച്ച് ചിന്തിച്ചപ്പോൾ ശങ്കർ മഹാദേവന്റെ മുഖമാണ് ആദ്യം മനസ്സിലേക്കു വന്നത്. എൻജിനീയറായിരുന്ന അദ്ദേഹം തന്റെ ഉള്ളിലുണ്ടായിരുന്ന സംഗീതത്തെ സ്വയം വികസിപ്പിച്ചെടുത്തു വിജയിച്ച ആളാണ്. രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയും നല്ല എൻജിനീയർമാരാണ്. എന്നാൽ ക്രിക്കറ്റ് എന്ന പ്രതിഭയുടെ മികച്ച നേട്ടങ്ങളിലൂടെയാണ് അവർ ലോകത്തിനു മാതൃകയായത്. അതുപോലെ തന്നെയാണ് ശങ്കർ മഹാദേവൻ എന്ന എൻജിനീയറുടെ കഥയും” - ദീപ്തി പറഞ്ഞു.

കളിപ്പാട്ടവും നാഗവള്ളിയും

കളിപ്പാട്ടം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കു വന്നതാണ് ദീപ്തിയുടെ ജീവിതം പുതിയ വഴികളിലേക്കു തിരിച്ചുവിട്ടത്. “വേണുവേട്ടന്റെ ആ സിനിമയിൽ ലാലേട്ടന്റെ മകളായി അഭിനയിക്കാൻ കഴിഞ്ഞത്‌ വലിയ സൗഭാഗ്യങ്ങളിലൊന്നാണ്. വളരെ യാദൃച്ഛികമായാണ് ആ സിനിമയിലെത്തുന്നത്. കൂട്ടുകാരോടൊത്ത് വഴിനീളെ മാവിൽ കല്ലെറിഞ്ഞും പൂക്കളും പേരക്കയുമൊക്കെ പറിച്ചും ബഹളമുണ്ടാക്കി നടക്കലായിരുന്നു എന്റെ പരിപാടി. ഒരു ദിവസം റോഡിലൂടെ കലപില കൂട്ടി നടക്കുമ്പോഴാണ് ഒരു വീടിന്റെ ടെറസിലിരുന്നു കഥയെഴുതുകയായിരുന്ന വേണുച്ചേട്ടൻ എന്നെ കാണുന്നത്. ഡ്രൈവറെ വിട്ട് എന്റെ വീടു കണ്ടുപിടിച്ചു. ആദ്യം നോ പറഞ്ഞെങ്കിലും വേണുച്ചേട്ടന്റേയും ലാലേട്ടന്റേയും സിനിമയായതിനാൽ അച്ഛൻ ഒടുവിൽ സമ്മതിച്ചു” - ദീപ്തി സിനിമയിലെത്തിയ കഥ പറഞ്ഞു.

ഫിറോസ്‌പൂരും ഇരട്ടക്കുട്ടികളും

കണ്ണൂർ സ്വദേശിയായ ദീപ്തി ലഫ്റ്റനന്റ് കേണൽ എ.വി.ഡി. പിള്ളയുടേയും വസന്തയുടേയും നാലു മക്കളിൽ ഇളയവളാണ്. അച്ഛൻ സൈനികനായതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പഞ്ചാബിലെ ഫിറോസ്‌പൂരിലാണു ജനിച്ചത്. പ്ലസ് വൺ ആയപ്പോഴേക്കും കേരളത്തിൽ തിരിച്ചെത്തി. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നു ബിരുദം നേടി. അതിനുശേഷം എം.ബി.എ. പഠനം. അമേരിക്കയിലെ സർവകലാശാല അടക്കമുള്ള ഇടങ്ങളിൽ മറ്റു കോഴ്‌സുകളും ചെയ്തു. ഇപ്പോഴും പഠനം തുടരുന്നു. മക്കളായ ശ്രേയസും സിദ്ധാൻഷുവും ശ്രിത്വികും അടങ്ങുന്നതാണ് കുടുംബം. സംസാരം നിർത്തുമ്പോൾ ദീപ്തി ഒരു കാര്യം കൂടി പറഞ്ഞു, “ഇപ്പോൾ അഞ്ചു വയസ്സുള്ള ഇളയ മകൻ ശ്രിത്വികിനെ ഗർഭം ധരിച്ച സമയത്താണ് ഞാൻ ‘ഡികോഡിങ് ശങ്കർ’ തുടങ്ങുന്നത്. എന്റെ മകന്റെ ജനനത്തിനൊപ്പമാണ് ആ ചിത്രവും പിറക്കുന്നത്. അതുകൊണ്ടുതന്നെ ‘ഡികോഡിങ് ശങ്കർ’ എന്റെ ഇരട്ടക്കുട്ടികളിൽ ഒരാളാണ്”.