കൊച്ചി: ബുക്കും ബാഗും യൂണിഫോമുമെന്നതിൽ നിന്ന് അധ്യയനകാലം ചുവടുമാറ്റിയിട്ട് ഒരു വർഷത്തിലേറെയായി. വീടിനകത്ത് ഓൺലൈനായി എത്തുന്ന ക്ലാസിലിരുന്ന് പഠിക്കാൻ ഫോണും ടാബും ഡേറ്റയുമൊക്കെയാണ് ഇപ്പോൾ അത്യാവശ്യം. ഇവയൊന്നും ഇല്ലാത്തതിനാൽ ഓൺലൈനാകാൻ കഴിയാതെ വിഷമിക്കുന്ന വിദ്യാർഥികൾ ഏറെയുണ്ട് നമുക്ക് ചുറ്റും. ഇവർക്കായി പഠന സഹായികൾ സമാഹരിക്കാൻ സ്കൂൾ അധികൃതരും അധ്യാപകരുമെല്ലാം രംഗത്തിറങ്ങുന്നു. പുതിയ അധ്യയന വർഷവും കാഴ്ചകൾ വ്യത്യസ്തമല്ല.

ഒരു ഫോൺ പോലുമില്ലാത്തതിനാൽ ഓൺലൈൻ പഠനം അന്യമാകുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മകൾ. ടാബും ഫോണുമെല്ലാം ആവശ്യക്കാരായ വിദ്യാർഥികളിലേക്ക് എത്തിക്കാൻ ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയും പ്രോഗ്രസീവ് ടെക്കീസുമെല്ലാം കാമ്പയിൻ തുടങ്ങിയിട്ടുണ്ട്.

അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നൂറിലേറെ പേരാണ്‌ പഠന സഹായികളെന്ന ആവശ്യമുന്നയിച്ച് സമീപിച്ചിരിക്കുന്നതെന്ന് പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനി പറഞ്ഞു. ബാക്‌ ടു ക്ലാസ് എന്ന പേരിലാണ് ഇവരുടെ കാമ്പയിൻ. ഐ.ടി. കമ്പനികളിൽനിന്നും ജീവനക്കാരിൽ നിന്നുമെല്ലാം ഇതിലേക്ക് സഹായം ലഭിക്കുന്നുണ്ട്. ഈ ആഴ്ചയോടെ വിതരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അനീഷ് പറഞ്ഞു. പ്രവർത്തിക്കുന്ന അവസ്ഥയിലുള്ള പഴയ ലാപ്‌ടോപ്പുകളും സ്മാർട്ട് ഫോണുമെല്ലാം ശേഖരിച്ച് അവയും ആവശ്യക്കാർക്ക് നൽകുന്നുണ്ട്.

സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിലുൾപ്പെടുത്തി ബാക്‌ ടു ക്ലാസിലേക്ക് പണം അനുവദിക്കാമോയെന്ന ആവശ്യവും ഇവർ കമ്പനികളോട് ഉന്നയിക്കുന്നുണ്ട്.

പാലക്കാട്, മലപ്പുറം, വടകര എന്നിവിടങ്ങളിൽ നിന്നുള്ള സ്കൂളുകളാണു സഹായത്തിനായി പ്രതിധ്വനിയെ സമീപിച്ചിരിക്കുന്നതെന്ന്‌ പദ്ധതിക്ക്‌ മേൽനോട്ടം വഹിക്കുന്ന ബിനോയ് സേവ്യർ പറഞ്ഞു. ആവശ്യക്കാർ ഏറെ സമീപിക്കുന്നുണ്ടെങ്കിലും സ്കൂളുകൾ വഴി വിദ്യാർഥികളിലേക്കെത്താനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. അർഹതയുള്ളവർക്കാണു സഹായം ലഭിക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി. പാലക്കാട് ഒറ്റപ്പാലം അകലൂർ ഗവ. എച്ച്.എസ്., മലപ്പുറം ചെണ്ടപ്പുരായ എ.ആർ.നഗർ എച്ച്.എസ്.എസ്., കോഴിക്കോട് വടകരയിലെ മേപ്പയിൽ എസ്.ബി. സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കാണ്‌ നിലവിൽ സഹായമെത്തിക്കാൻ പ്രതിധ്വനി തീരുമാനിച്ചിരിക്കുന്നത്.

മികച്ച പ്രതികരണമാണ് പ്രതിധ്വനിയുടെ ഡിജിറ്റൽ ചലഞ്ചിനും ലഭിക്കുന്നത്. ചിലർ ഇതു കണ്ട് നേരിട്ടു സഹായം ചെയ്യാമെന്ന് അറിയിക്കുന്നുണ്ട്. അത്തരക്കാരെ ആവശ്യക്കാരുമായി നേരിട്ട് ബന്ധപ്പെടുത്തിക്കൊടുക്കും.