അരൂർ : ദേശീയപാതയിലെ പ്രധാന ബസ്‌ സ്റ്റോപ്പുകളിലൊന്നാണ് എരമല്ലൂർ. ഇവിടെ എപ്പോഴും കാണാം സ്വകാര്യബസുകളുടെ നീണ്ടനിര. തങ്ങളുടെ ഊഴവുംകാത്ത് കിടക്കുന്ന ഈ സ്വകാര്യബസുകൾ മറ്റു യാത്രക്കാർക്ക് സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. കാരണം, ഇവിടം ബസ്‌ സ്റ്റോപ്പാണെങ്കിലും കെ.എസ്.ആർ.ടി.സി.ക്ക് നിർത്താൻ സൗകര്യമില്ല എന്നതുതന്നെ. നിർത്തുന്ന ബസുകളിൽ അപകടം കൂടാതെ കയറാനായാൽ അത് വലിയഭാഗ്യം തന്നെ. കാരണം, തിരക്കേറിയ ഇവിടെ സ്വകാര്യബസുകൾ നിർത്തിയിടുന്ന രീതിതന്നെ.

കുമ്പളങ്ങി, ചെല്ലാനം, എറണാകുളം എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യബസുകളാണ് തിരക്കേറിയ എരമല്ലൂർ ജങ്‌ഷനിലെ ബസ്‌ സ്റ്റോപ്പിനോട് ചേർന്ന് ഒന്നിനു പിറകെ ഒന്നായി നിർത്തിയിടുന്നത്. ഇതുമൂലം കാത്തുനില്പുപുരയിൽ നിൽക്കുന്ന കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഏറെ ക്ലേശിക്കുന്നത്. പലപ്പോഴും ദേശീയപാതയോട് ചേർന്ന് നിർത്തുന്ന കെ.എസ്.ആർ.ടി.സി. ബസിൽ കയറാൻ നിർത്തിയിട്ട സ്വകാര്യബസുകളുടെ മറപറ്റിവേണം യാത്രക്കാർ ഓടിയെത്താൻ. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നു.

യാത്രയ്‌ക്കായി കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്നവർ ഇതുസംബന്ധിച്ച് നിരവധിതവണ പരാതി നൽകിയെങ്കിലും നടപടികളായിട്ടില്ല. ദീർഘദൂര ബസുകൾക്കടക്കം സ്റ്റോപ്പുള്ള ഇവിടെ യാത്രക്കാർക്ക് സൗകര്യമായനിലയിൽ കാര്യങ്ങൾ പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. സർവീസ് ആരംഭിക്കുന്നതിന് പരമാവധി അഞ്ച് മിനിറ്റു മുൻപ് മാത്രമേ സ്വകാര്യബസുകളെ ഇവിടേക്ക് പ്രവേശിപ്പിക്കാവൂ എന്നതാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. ഇത് നടപ്പാക്കിയാൽ തങ്ങളുടെ ദുരിതത്തിനും അറുതിയാകുമെന്ന് യാത്രക്കാർ പറയുന്നു.