കൊച്ചി : പൂക്കളാണിവർക്ക് ജീവിതം. ജോലിയിൽ നിന്നു വിരമിച്ച ശേഷമുള്ള വിശ്രമ ജീവിതം പലർക്കും വിരസമാകുമ്പോൾ ഇവിടെയിവർ തീർക്കുന്നതൊരു പൂങ്കാവനം. ഓർക്കിഡ് പൂക്കളുകളാൽ സമൃദ്ധമാണ് എറണാകുളം പച്ചാളത്തുള്ള ഗോപിയുടെയും ഷീജിയുടെയും വീട്.

തൃശ്ശൂർ കോർപറേഷൻ എൽ.എസ്.ജി.ഡി. എൻജിനീയറിങ് വിഭാഗത്തിൽ സെക്കൻഡ്‌ ഗ്രേഡ് ഓവർസിയർ ആയിരുന്നു ഗോപി. നിർമാണക്കമ്പനിയിലെ സീനിയർ അക്കൗണ്ടന്റ് ആയിരുന്നു ഷീജി.

ഓർക്കിഡ് ഇനങ്ങൾ ഏറെയുണ്ടെങ്കിലും നമ്മുടെ നാടിനനുയോജ്യമായ ഡെൻഡ്രോബിയം, ഫലനൊപ്‌സിസ് വെറൈറ്റികളാണ് പ്രധാനമായും ഇവിടെ വളർത്തുന്നത്. ഡെൻഡ്രോബിയത്തിന്റെ തന്നെ 40-ൽ അധികം ഇനങ്ങളും ഫലനൊപ്‌സിസിന്റെ പത്തിലേറെ ഇനങ്ങളുമാണ് വിൽക്കുന്നത്. ഹാങ്ങിങ്, പാരപ്പെറ്റ്, ടേബിൾ ചെടിച്ചട്ടികൾ എന്നിങ്ങനെ ആയിരത്തിൽ അധികം ചെടിച്ചട്ടികൾ ഇവിടെയുണ്ട്.

ഇറക്കുമതി ചെയ്ത ഉയർന്ന നിലവാരമുള്ള ഓർക്കിഡ് വിത്തുകളാണ് വാങ്ങുന്നത്.

ഓർക്കിഡ് കൃഷിയിലെ ഏറ്റവും വലിയ വെല്ലുവിളി ഒച്ചുകളാണെന്ന് ഗോപി പറഞ്ഞു. റെയിൽവേ സ്റ്റേഷനു സമീപമായതിനാൽ മാലിന്യത്തിൽ ഇവ പെറ്റുപെരുകും. ഇതിനായി ഫെൻസ് ചെയ്തും ചട്ടികൾ തൂക്കിയിട്ടുമാണ് സംരക്ഷിക്കുന്നത്. കൂടാതെ, ഒച്ചുകളെ ആകർഷിക്കുന്ന പെല്ലെറ്റുകൾ ഉപയോഗിച്ച് ഒരു പരിധിവരെ അവയെ നീക്കം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

16 വർഷത്തിലേറെയായി ഇവർ വീട്ടുവളപ്പിൽ ഓർക്കിഡ് കൃഷി ചെയ്യുന്നു. 2014 മുതൽ ബൊക്കെകളായും ഫ്ളവർവേസുകളായും നൽകുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ കൃഷ്ണ ഓർക്കിഡ്‌സ് എന്ന പേരിലാണ് വില്പന തുടങ്ങിയത്. പൂക്കളില്ലാത്ത ഓർക്കിഡിന് 350 രൂപയും പൂക്കളുള്ളതിന് 400 രൂപയുമാണ്.

അടുക്കളത്തോട്ടം, അക്വാപോണിക്സ് എന്നിവയും ഇവരുടെ നാല് സെന്റിലുണ്ട്. ഇതിൽ ഒന്നേകാൽ സെന്റിൽ ഓർക്കിഡുകളാണ്. ഓർക്കിഡുകളുടെ ഓൺലൈൻ മാർക്കറ്റിങ്‌ നടത്തി മകൻ യദു കൃഷ്ണനും കൂടെയുണ്ട്.