കാക്കനാട് : കളക്ടറേറ്റ് വളപ്പിലെ പാർക്കിങ് നിയന്ത്രണം തുടരുന്നതിനിടെ മോട്ടോർ വാഹന വകുപ്പിനും ജില്ലാ ഭരണകൂടത്തിനുമെതിരേ കടുത്ത പ്രതിഷേധവുമായി ജീവനക്കാർ രംഗത്ത്. ഇരുചക്ര വാഹനങ്ങൾ അനധികൃത പാർക്കിങ് നടത്തിയെന്നാരോപിച്ച് കത്രികപ്പൂട്ടിട്ട സംഭവത്തിലാണ് കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ എൻ.ജി.ഒ. അസോസിയേഷൻ രംഗത്തെത്തിയത്. ബദൽ സംവിധാനമൊരുക്കാതെ നടപടിയെടുത്തത് അംഗീകരിക്കാനാവില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി.

ഇതിനിടെ നോ പാർക്കിങ് സ്ഥലത്ത് വാഹനം ഇട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾക്കും കൂടി വെള്ളിയാഴ്ച മോട്ടോർ വാഹന വകുപ്പ് കത്രിക പ്പൂട്ടിട്ടു. കളക്ടറേറ്റിലെ രണ്ടു ബ്ലോക്കുകൾക്കും ഇടയിലുള്ള സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത ജീവനക്കാർക്കെതിരേ കഴിഞ്ഞ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു. പത്തോളം പേരിൽ നിന്ന് പിഴ ഈടാക്കുകയും ഒരാളുടെ വാഹനത്തിൽ കത്രികപ്പൂട്ടിടുകയും ചെയ്തു. തീപിടിത്തം പോലുള്ള അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ഫയർ ഹൈഡ്രന്റിന് മുന്നിൽ നിർത്തിയിട്ടു എന്ന പേരിലായിരുന്നു നടപടി.

ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പായിരുന്നു ഇത് ചെയ്തത്. ഇതോടെയാണ് ജീവനക്കാർ പ്രതിഷേധവുമായെത്തിയത്.

ഇതുസംബന്ധിച്ച് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.വി. ജോമോന്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എമ്മിന് പരാതി നൽകിയിട്ടുണ്ട്. വാഹനങ്ങൾ വയ്ക്കുന്നതിന് കേന്ദ്രീകൃത സംവിധാനം നിലവിലില്ലാത്തതാണ് ഇവിടെ നിർത്തിയിടുന്നതിന് കാരണമെന്ന് പരാതിയിൽ പറയുന്നു.