കാക്കനാട്: നികുതി അടയ്ക്കാതെ മുങ്ങിനടക്കുന്ന വാഹന ഉടമകൾക്കെതിരേ കർശന നടപടിയുമായി മോട്ടോർവാഹന വകുപ്പ്. നികുതി അടവിൽ വീഴ്ചവരുത്തിയ 5,252 വാഹനങ്ങൾക്ക് മോട്ടോർവാഹന വകുപ്പ് നോട്ടീസ് നൽകി. ഇത്രയും വാഹനങ്ങളിൽ നിന്ന് 62.58 കോടി രൂപയാണ് സർക്കാരിന് ലഭിക്കാനുള്ളത്. നോട്ടീസ് ലഭിച്ചിട്ടും നികുതി അടയ്ക്കാത്തവർക്കെതിരേ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം ആർ.ടി.ഒ. പി.എം. ഷെബീർ പറഞ്ഞു.

നാലു വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കാനുള്ള അവസരമുണ്ട്. ഇത് പ്രയോജനപ്പെടുത്താത്ത വാഹന ഉടമകൾക്കെതിരേയാണ് ജപ്തി നടപടികൾ സ്വീകരിക്കുകയെന്ന് ആർ.ടി.ഒ. വ്യക്തമാക്കി.

നികുതിയടയ്ക്കാത്ത വാഹനങ്ങൾ സാധാരണ പരിശോധനകളിലാണ് പിടിക്കപ്പെടാറുള്ളത്. എറണാകുളം ആർ.ടി. ഓഫീസിൽ 860 വാഹനങ്ങൾക്കെതിരേയാണ് നോട്ടീസ് നൽകിയത്.

എറണാകുളം ആർ.ടി.ഒ.യ്ക്ക് കീഴിലുള്ള സബ്‌ ആർ.ടി. ഓഫീസുകളായ തൃപ്പൂണിത്തുറയിൽ 680, മട്ടാഞ്ചേരിയിൽ 588, ആലുവയിൽ 1411, അങ്കമാലിയിൽ 1693, പറവൂരിൽ 20 എന്നിങ്ങനെ വാഹനങ്ങൾക്കും നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ച് നിശ്ചിത ദിവസത്തിനുള്ളിൽ നികുതി അടച്ചില്ലെങ്കിൽ മറ്റ് നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോവിഡിനെ തുടർന്ന് നികുതി പിരിവ്‌ നിർത്തിവച്ചിരിക്കുകയായിരുന്നു. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശത്തെ തുടർന്നാണ് പിരിവ് വീണ്ടും ഊർജിതമാക്കുന്നത്. നടപടിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഡിമാൻഡ്‌ നോട്ടീസ് മുഖേന വാഹന ഉടമയെ അറിയിക്കുന്നത്. ഇത് കൈപ്പറ്റാത്തവരും കൈപ്പറ്റിയിട്ടും പ്രതികരിക്കാത്തവരുമായ ഉടമകൾക്കാണ് റവന്യൂ റിക്കവറി നോട്ടീസ് അയയ്ക്കുക. ജില്ലാ കളക്ടർ മുഖേന ഉടമയുടെ സ്ഥാവര ജംഗമവസ്തുക്കൾ ജപ്തി ചെയ്യാനുള്ള അധികാരവും വാഹനവകുപ്പ് ഉപയോഗിക്കും.

ദീർഘകാലമായി ഉപയോഗിക്കാത്ത വാഹനങ്ങളും പോലീസ് സ്റ്റേഷനുകളിലും മറ്റും പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളും നടപടികൾ പൂർത്തിയാക്കി പൊളിച്ചുകളഞ്ഞ് ആർ.സി. റദ്ദാക്കുകയോ വാഹനം ഓടുന്നില്ലെങ്കിൽ ജി ഫോം സമർപ്പിക്കുകയോ വേണമെന്ന് ആർ.ടി.ഒ. അറിയിച്ചു.