പിറവം : സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിൽ പ്രധാന ആണ്ട് വിശേഷമായ തൈപ്പൂയം ആഘോഷിക്കാൻ ഒരുക്കങ്ങളായി. കിഴുമുറി അയർക്കുളം ക്ഷേത്രം

കിഴുമുറി : അയർക്കുളം ക്ഷേത്രത്തിൽ 16, 17, 18 തിയതികളലാണ് ഉത്സവം. ആയിരം വർഷത്തിലേറെ പഴക്കമുളളതാണ് അയർക്കുളം ക്ഷേത്രം. ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി പുലിയന്നൂർ അനിയൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നവകം, പഞ്ചഗവ്യം, കലശാഭിഷേകം എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും. കലശാഭിഷേകത്തെ തുടർന്ന് 10.30-ന് ഉച്ചപ്പൂജ, 11-ന് കഞ്ഞിവഴിപാട് വൈകീട്ട് 7-ന് തിരുവാതിരകളി, തുടർന്ന് നൃത്ത-നൃത്യങ്ങൾ.തിങ്കളാഴ്ച വൈകീട്ട് 7.30-ന് ഭജൻസന്ധ്യ. തൈപ്പൂയമായ ചൊവ്വാഴ്ച രാവിലെ 10.30-ന് കലശാഭിഷേകം, 12-ന് അന്നദാനം, വൈകീട്ട് ദീപാരാധനയെ തുടർന്ന് ഭസ്മക്കാവടി തുടർന്ന് നേപഥ്യ രാഹുൽ ചാക്യാരുടെ ചാക്യാർ കൂത്ത് എന്നിവയുണ്ട്.

നെച്ചൂർ കാരക്കുടം ക്ഷേത്രം

പിറവം : നെച്ചൂർ കാരക്കുടം ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് ഭജന, 6.30-ന് ദീപാരാധന, 8-ന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ നാടൻപാട്ടുകൾ എന്നിവയുണ്ട്. തൈപ്പൂയമായ ചൊവ്വാഴ്ച രാവിലെ ഏഴക്കരനാട് തിരുബലി ശ്രീമഹാദേവ ക്ഷേത്രത്തിൽനിന്ന്‌ അഭിഷേകക്കാവടി എഴുന്നളളിപ്പ്, തുടർന്ന് കാവടി അഭിഷേകം ഉച്ചപ്പൂജ, 12.30-ന് അന്നദാനം വൈകീട്ട് മണീട് ആനമുന്തി കവലയിൽനിന്ന്‌ പകൽപ്പൂരം, രാത്രി 8-ന് നെച്ചൂർ എസ്.എൻ.ഡി.പി കവലയിൽ നിന്ന്‌ കർപ്പൂരക്കാവടി എഴുന്നള്ളിപ്പ്.

ഊരമന ശിവലി ക്ഷേത്രം

രാമമംഗലം : ഊരമന ശിവലി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം 17, 18 തീയതികളിൽ ആഘോഷിക്കും. . തിങ്കളാഴ്ച രാവിലെ കലശപൂജ 9-ന് കലശാഭിഷേകം. ചൊവ്വാഴ്ച രാവിലെ 8-ന് ഊരമന ക്ഷേത്രത്തിൽനിന്ന്‌ മന്നം വേൽമുരുക കാവടി സംഘത്തിന്റെ കാവടിയാട്ടത്തോടെ അഭിഷേകക്കാവടി എഴുന്നളളിപ്പ്, 11-ന് കാവടി അഭിഷേകം, ഉച്ചപ്പൂജ, തുടർന്ന് ബാല ഊട്ട് മഹാപ്രസാദ ഊട്ട്, വൈകീട്ട് വിശേഷാൽ ദീപാരാധന എന്നിവയുണ്ട്.