മൂവാറ്റുപുഴ : കോൺഗ്രസ്-സി.പി.എം. സംഘർഷത്തെത്തുടർന്ന് പോലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത് കോടതി ജാമ്യത്തിൽ വിട്ട കോൺഗ്രസ് നഗരസഭാ കൗൺസിലറെ വീട്ടിൽക്കയറി മർദിച്ചതായി കേസ്. മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ അമൽ ബാബുവിനാണ് മർദനമേറ്റത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. വ്യാഴാഴ്ച രാത്രി 9.30-ഓടെ രണ്ട് ജീപ്പിലെത്തിയ പോലീസ് അമലിന്റെ വീടുവളഞ്ഞ്‌ അറസ്റ്റ് ചെയ്തിരുന്നു. സി.പി.എം.-കോൺഗ്രസ് സംഘർഷത്തിൽ ഇരുപക്ഷത്തു നിന്നുമായി പോലീസ് പ്രതിപ്പട്ടികയിൽ ചേർത്ത 10 പേരിൽ മൂന്നാമനാണ് അമൽ. വെള്ളിയാഴ്ച മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ അമലിനെ കോടതി ജാമ്യത്തിൽ വിട്ടു. വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടിലെത്തിയ ശേഷം പുറത്തേക്കിറങ്ങാനൊരുങ്ങിയപ്പോഴായിരുന്നു മർദനം. വാഹനത്തിലെത്തിയ അഞ്ചംഗ സംഘം കൈകൾ പുറകിലേക്ക് കെട്ടിയിട്ട് മർദിച്ചുവെന്നാണ് മൊഴി. വസ്ത്രങ്ങൾ വലിച്ചുകീറി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, അസഭ്യം വിളിച്ചു. ഇടിക്കട്ടയടക്കമുള്ള മാരകായുധങ്ങളുമായെത്തിയാണ് മർദിച്ചതെന്നും അമൽ പറഞ്ഞു. സംഭവസമയത്ത് അമൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വാഹന നമ്പർ അടക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാൻ ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നതാണ്.

പോലീസ്-സി.പി.എം. നീക്കം പാളി -യൂത്ത് കോൺഗ്രസ്

മൂവാറ്റുപുഴ : യൂത്ത് കോൺഗ്രസ് നേതാക്കൻമാരെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനുള്ള സി.പി.എം-പോലീസ് പദ്ധതി അമൽബാബുവിന് കോടതി ജാമ്യം നൽകിയതിലൂടെ പാളിയെന്ന് യൂത്ത് കോൺഗ്രസ്. നിയമനടപടിയുമായി യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി മുന്നോട്ടുപോകുമെന്ന് പ്രസിഡന്റ് സമീർ കോണിക്കൽ അറിയിച്ചു.

പ്രതികളെ പിടിച്ചില്ലെങ്കിൽ സ്‌റ്റേഷൻ ഉപരോധം -ചെയർമാൻ

മൂവാറ്റുപുഴ : അമൽബാബുവിനെ മർദിച്ച പ്രതികളെ പിടികൂടിയില്ലെങ്കിൽ ശനിയാഴ്ച രാവിലെ 9 മുതൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനു മുന്നിൽ ഉപരോധ സമരം നടത്തുമെന്ന് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. പോലീസ് നിഷ്‌ക്രിയത്വം തുടർന്നാൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്കും ജനകീയ പ്രക്ഷോഭങ്ങളിലേക്കും നീങ്ങുമെന്നും പി.പി. എൽദോസ് അറിയിച്ചു.

‘എം.എൽ.എ.യെ ക്രൂശിക്കാൻ അനുവദിക്കില്ല’

മൂവാറ്റുപുഴ : അക്രമത്തിനല്ല അക്രമത്തിനെതിരേ നടന്ന പ്രകടനത്തിനാണ് മാത്യു കുഴൽനാടൻ എം.എൽ.എ. നേതൃത്വം കൊടുത്തതെന്ന് മൂവാറ്റുപുഴ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗം. എം.എൽ.എ.യെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെ പാർട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് സലീം ഹാജി പറഞ്ഞു. മൂവാറ്റുപുഴയിൽ സ്വൈരജീവിതം ഉറപ്പാക്കണമെന്നും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമികളെ നിലയ്ക്കുനിർത്താൻ സി.പി.എം. തയ്യാറാവണമെന്ന് ടൗൺ മണ്ഡലം പ്രസിഡന്റ് ഹിബ്‌സൺ എബ്രഹാം ആവശ്യപ്പെട്ടു.