ആലുവ: ഈ വർഷം ശതാബ്ദി ആഘോഷിക്കുന്ന ആലുവ യു.സി. കോളേജിന് സംസ്ഥാന സർക്കാരിന്റെ ആദരവ്. കോളേജ് ലൈബ്രറി കെട്ടിടം നിർമിക്കുന്നതിനായി അഞ്ചുകോടി രൂപ ബജറ്റിൽ മാറ്റിവെച്ചു. രാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനുമായ പി. ഗോവിന്ദപ്പിള്ളയുടെയും മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെയും സ്മരണാർഥം കെട്ടിടം നിർമിക്കാനാണ് തുക മാറ്റിയത്. കോളേജിലെ പൂർവ വിദ്യാർഥികളായിരുന്നു ഇരുവരും.
നിലവിലുള്ള ലൈബ്രറി കെട്ടിടത്തോട് ചേർന്നുതന്നെ ആധുനിക സൗകര്യങ്ങളോടു കൂടിയ 22,000 ചതുരശ്രയടിയിൽ മൂന്നുനില കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. രൂപരേഖ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. 2,800-ഓളം വിദ്യാർഥികളാണ് കോളേജിൽ പഠിക്കുന്നത്.
തിരുവിതാംകൂർ രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഭരണ കാലത്തേയും രേഖകളടക്കം അപൂർവമായ പുസ്തക ശേഖരമാണ് യു.സി. കോളേജ് ലൈബ്രറിയിലുള്ളത്. പുതിയ കെട്ടിടം വരുന്നതോടെ അക്കാദമിക്-നോൺ അക്കാദമിക് വിഭാഗത്തിലുള്ള പുസ്തകങ്ങൾ എളുപ്പത്തിൽ കിട്ടും. 6.5 കോടിയാണ് ലൈബ്രറി കെട്ടിടത്തിന്റെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ബാക്കി തുക സി.എസ്.ആർ. ഫണ്ട് വഴി കിട്ടുമെന്നാണ് പ്രതീക്ഷ.
നൂറു വർഷത്തെ കോളേജിന്റെ സേവനത്തിനുള്ള അംഗീകാരമാണെന്ന് മാനേജർ തോമസ് ജോൺ പറഞ്ഞു.