കൊച്ചി: കൊച്ചിയുടെ സമഗ്ര വികസനത്തിന് കൈ നിറയെ വാഗ്ദാനങ്ങളുണ്ട് ബജറ്റിൽ. ഐ.ടി., സാംസ്കാരിക, ആരോഗ്യ വികസന മേഖലകളിൽ വിവിധ പദ്ധതികളും തുടർച്ചകളും പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്ന് വ്യാവസായിക ഇടനാഴികൾ
മൂന്ന് പദ്ധതികൾക്കായി 50,000 കോടി രൂപയുടെ പദ്ധതി. ഇതിൽ കൊച്ചി-പാലക്കാട്, കൊച്ചി-മംഗളൂരു വ്യാവസായിക ഇടനാഴികളെ പ്രതീക്ഷയോടെയാണ് ജില്ല കാണുന്നത്.
കൊച്ചി മെട്രോ
കൊച്ചി മെട്രോ പേട്ട-തൃപ്പൂണിത്തുറ റൂട്ട് ഈ സാമ്പത്തിക വർഷം പൂർത്തിയാക്കുന്നതിനുള്ള വിഭവ സമാഹരണം ഉറപ്പാക്കി. 1957 കോടി രൂപ ചെലവിൽ കലൂർ സ്റ്റേഡിയം-കാക്കനാട് ഐ.ടി. സിറ്റി മെട്രോ പാതയുടെ നിർമാണവും നടക്കും.
കൊച്ചി വാട്ടർ മെട്രോ 19 ജെട്ടികളുടെ ഉദ്ഘാടനം ഈ മാസം അവസാനം. ജർമൻ സഹായമുള്ള പദ്ധതിയുടെ ചെലവ് 682 കോടി.
കൊച്ചി കാൻസർ സെന്റർ
ആരോഗ്യ മേഖലയിലെ വലിയ പ്രതീക്ഷയായ കൊച്ചി കാൻസർ സെന്റർ ഈ വർഷം പൂർത്തിയാക്കും. 38 കോടി രൂപ ചെലവിട്ട തൃപ്പൂണിത്തുറ ആയുർവേദ റിസർച്ച് സെന്റർ ഉദ്ഘാടനം ഈ വർഷം.
ബിനാലെയ്ക്ക് എഴു കോടി
ജില്ലയുടെ സാംസ്കാരിക രംഗത്തെ പ്രധാന ആകർഷണമായ കൊച്ചി ബിനാലെയ്ക്ക് ഏഴു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കോവിഡ് കാരണം ബിനാലെ നടന്നില്ല. ബിനാലെയുടെ ഭാഗമായ ആലപ്പുഴ ആഗോള ചിത്ര പ്രദർശനത്തിന് രണ്ടു കോടി രൂപയും വകയിരുത്തി.
മുസിരിസ് പദ്ധതിപ്രദേശം സന്ദർശിക്കാനും പഠിക്കാനും കൂടുതൽ വിദ്യാർഥികൾക്ക് അവസരം നൽകുന്നതിന് അഞ്ചു കോടി രൂപ.
ടെക്‌നോളജി ഇന്നൊവേഷൻ സോൺ
* ടെക്‌നോ സിറ്റിയിലും കൊച്ചി ഇൻഫോപാർക്കിലും കിഫ്ബി പിന്തുണയോടെ 4.6 ലക്ഷം ചതുരശ്രയടിയുടെ തൊഴിൽ സമുച്ചയങ്ങൾ.
* സ്റ്റാർട്ട് അപ്പ് മിഷന്റെ കൊച്ചി കിൻഫ്ര ഹൈടെക് പാർക്കിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിനായി 10 കോടി രൂപ.
* കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്കിൽ മരുന്ന് ഉത്പാദനത്തിന് ഫാർമ പാർക്ക് സ്ഥാപിക്കും.
അതിഥി ദേവോ ഭവഃ
പായിപ്പാട്, പട്ടാമ്പി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ അതിഥിത്തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പൊതു സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് പദ്ധതി ആരംഭിക്കും. അതിഥിത്തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂരിൽ പദ്ധതി വരുന്നത് ഏറെ ഗുണം ചെയ്യും.
ചെല്ലാനത്തിന് ആശ്വാസം
കടൽകയറ്റ ഭീഷണി രൂക്ഷമായ ചെല്ലാനത്തിന് കടൽഭിത്തി നിർമിക്കാൻ ബജറ്റ് സഹായകമാകും. മുൻഗണനാടിസ്ഥാനത്തിൽ തീര സംരക്ഷണത്തിന് കിഫ്ബിയിൽനിന്ന് 100 കോടി രൂപ. തീരദേശ വികസനത്തിന് വാർഷിക പദ്ധതിയിൽ 209 കോടി രൂപ.
കിഫ്ബിയിൽനിന്ന് ഫിഷിങ് ഹാർബറുകൾക്ക് 209 കോടി രൂപ. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഒമ്പതു കോടി രൂപ.
തീര റോഡുകൾക്കായി ഹാർബർ എൻജിനീയറിങ് വകുപ്പിന് 100 കോടി രൂപ. വൈപ്പിൻ, ചെല്ലാനം ഭാഗത്തെ തീരദേശ റോഡുകൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
അയ്യമ്പുഴയ്ക്ക് ഇരുപത് കോടിയുടെ ഗിഫ്റ്റ്
‘ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി)’ പദ്ധതിപ്രകാരം ഹൈടെക് സർവീസുകളുടെയും ഫിനാൻസിന്റെയും ഹബ്ബ് അയ്യമ്പുഴയിൽ 220 ഹെക്ടറിൽ സ്ഥാപിക്കും. 20 കോടി രൂപ വകയിരുത്തി.
വിവിധ കെൽട്രോൺ സ്ഥാപനങ്ങൾക്കായി 25 കോടി രൂപ. പാലക്കാട്ടും കൊച്ചിയിലും 2321 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. കിഫ്ബിയിൽനിന്നാണ് പണം അനുവദിക്കുക.
വ്യവസായ വികസന ഏജൻസികളായ കെ.എസ്.ഐ.ഡി.സി.ക്കും കിൻഫ്രയ്ക്കുമായി 401 കോടി രൂപ. കാക്കനാട് കെ.എസ്.ഐ.ഡി.സി. ഇൻഡസ്ട്രിയൽ പാർക്ക് പൂർത്തിയാക്കും.
ശബരി പാതയ്ക്കും പുനർജനി
ജില്ലയിലൂടെ കടന്നുപോകുന്ന ശബരി പാത നടപ്പാക്കുന്നതിന് പകുതിച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. 2000 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിക്കും.
വേറെയുമുണ്ട്
* പി. ഗോവിന്ദപ്പിള്ളയുടെയും പി.കെ. വാസുദേവൻ നായരുടെയും സ്മാരകമായി ആലുവ യു.സി. കോേളജിൽ ലൈബ്രറി ആരംഭിക്കും.
* മീഡിയ അക്കാദമിക്ക് അഞ്ചു കോടി രൂപ. കേരള മ്യൂസിയത്തിന് ഒരു കോടി രൂപ.
* കൊച്ചി കടവന്ത്രയിൽ സിനിമാ പോസ്റ്റ് പ്രൊഡക്ഷൻ സെന്റർ.
* കൂനമ്മാവിലെ 175 വർഷം പഴക്കമുള്ള ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചന്റെ ആസ്ഥാനം മ്യൂസിയമാക്കുന്നതിന് 50 ലക്ഷം രൂപ.
* എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള പുനരുദ്ധാരണം ഈ വർഷം.
* എറണാകുളത്ത് അഡീഷണൽ നികുതി കോംപ്ലക്സ് നിർമാണം ആരംഭിക്കും.