കൊച്ചി : ഇടപ്പള്ളി സർക്കാർ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കാണാനുള്ള ആഗ്രഹം രോഗാവസ്ഥയിലും മുഹമ്മദ് എന്ന ‘ഇക്ക’യെ സ്കൂൾ അങ്കണത്തിലെത്തിച്ചു. പോണേക്കര സ്വദേശിയും ഇടപ്പള്ളിയിലെ ചുമട്ടുതൊഴിലാളിയുമായിരുന്ന മുഹമ്മദ് 20 വർഷം മുൻപാണ് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായി പ്രവേശിച്ചത്. സ്കൂൾക്കെട്ടിട നിർമാണം പുരോഗമിക്കുന്നതിനിടെ ‘ഇക്ക’ രോഗബാധിതനാകുകയായിരുന്നു. താൻകൂടി നിർമാണത്തിൽ പങ്കാളിയായ കെട്ടിടം തുറക്കുമ്പോൾ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഇക്കയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ഇൗ ആഗ്രഹം മക്കളെ മുഹമ്മദ് അറിയിക്കുകയായിരുന്നു

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇടപ്പള്ളി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന്റെ ഉദ്ഘാടനമായിരുന്നു ചൊവ്വാഴ്ച.

ചൊവ്വാഴ്ച ഉച്ചയ്ക്കുതന്നെ മക്കളായ നൗഷാബിയെയും നൗഷാദിനെയും ഒപ്പം കൂട്ടി മുഹമ്മദ് സ്കൂളിലെത്തി. ശസ്ത്രക്രയയുടെ ക്ഷീണമുള്ളതിനാൽ കുറേസമയം നിൽക്കാൻ കഴിയാതെ ഉദ്ഘാടനത്തിന് തൊട്ടുമുൻപ് മക്കൾക്കൊപ്പം മുഹമ്മദ് വീട്ടിലേക്കു മടങ്ങി.

കഴിഞ്ഞ ജൂണിലാണ് മുഹമ്മദ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ വൃക്ക തകരാറിലാണെന്ന് ഡോക്ടർമാർ വിലയിരുത്തി. തുടർന്ന് ജൂലായ് 26-ന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയെ തുടർന്നുള്ള വിശ്രമത്തിലായിരുന്നു.

ആരോഗ്യം വീണ്ടെടുത്ത് വീണ്ടും സ്കൂളിലേക്ക് തിരിച്ചെത്തുമെന്ന തീരുമാനത്തിലാണ് ഈ 72 കാരൻ.