തൃക്കാക്കര നഗരസഭാ മാലിന്യകേന്ദ്രത്തിനടുത്ത് മാലിന്യം കുന്നുകൂടിക്കിടക്കുന്ന സ്ഥലത്ത് ഉദ്യാനമൊരുങ്ങുന്നു

കാക്കനാട് : നഗരസഭാ ഓഫീസിന് സമീപത്തുള്ള മാലിന്യകേന്ദ്രത്തിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ മാലിന്യം നീക്കി പൂന്തോട്ടവും കൃഷിത്തോട്ടവുമാക്കാനൊരുങ്ങി തൃക്കാക്കര നഗരസഭ. ഇതിന് മുന്നോടിയായി നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പനും ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപിള്ളിയും മാലിന്യക്കൂമ്പാരം കിടിക്കുന്ന സ്ഥലം സന്ദർശിച്ചു.

ടൺകണക്കിന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത നഗരസഭാ ശുചീകരണ തൊഴിലാളികളിലുമുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

വീടുകളിൽ നിന്ന് ശേഖരിച്ച് കൊണ്ടുവരുന്ന മാലിന്യം ഇടാൻ പ്രത്യേക സ്ഥലം നൽകിയിട്ടുണ്ടെങ്കിലും ചിലർ വെറുതെ കിടക്കുന്ന സ്ഥലത്തേക്കും തോന്നിയപോലെ മാലിന്യം വലിച്ചെറിയുന്നുണ്ട്. ഇതിനും കൂടി പരിഹാരം കാണാനാണ് ഈ പ്രദേശത്തെ മാലിന്യം മുഴുവൻ നീക്കംചെയ്ത ശേഷം ഉദ്യാനമാക്കി മാറ്റാൻ തീരുമാനിച്ചതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.

ഞായാറാഴ്ചയ്ക്കുള്ളിൽ മുഴുവൻ മാലിന്യവും നീക്കാമെന്നാണ് കരാറുകാർ അറിയിച്ചിട്ടുള്ളത്. അതിനുശേഷം കാട് വെട്ടിത്തെളിച്ച് ഭൂമി നിരപ്പാക്കിയ ഇവിടെ വേലികെട്ടി തിരിക്കും.

മാലിന്യക്കൂമ്പാരമായ നഗരസഭാ പരിധിയിലുള്ള മറ്റു പൊതു സ്ഥലങ്ങളും കണ്ടെത്തി അവിടത്തെ സാഹചര്യത്തിന്‌ അനുയോജ്യമായ രീതിയിൽ പൂന്തോട്ടമോ കൃഷിയോ ഒരുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപിള്ളിയും പറഞ്ഞു.

പദ്ധതിക്ക് എല്ലാവരുടെയും പിന്തുണയുണ്ടെങ്കിൽ മാലിന്യക്കൂമ്പാരമാകുന്ന പ്രദേശങ്ങളിൽ ഇനി വസന്തം വിരിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.