വീഴാറായ സ്ഥിതിയിൽ തേവര പഴയ മാർക്കറ്റ് കെട്ടിടം

പുതിയ കെട്ടിടം പണിതിട്ടും മാറ്റം അനിശ്ചിതത്വത്തിൽ

തേവര പഴയ മാർക്കറ്റ് കെട്ടിടം

കൊച്ചി : കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ കുറവും മൂലം തേവര പഴയ മാർക്കറ്റ് കെട്ടിടം നാശത്തിൽ. കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാണിച്ച് 2018 മുതൽ സമീപവാസികളും വിവിധ റസിഡന്റ്സ്‌ അസോസിയേഷനുകളും കോർപ്പറേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻജിനീയർമാരുടെ സംഘം പരിശോധന നടത്തി കെട്ടിടത്തിന് ബലക്ഷമമുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു.

പില്ലറുകളും ബീമുകളും അതിലെ കമ്പികളും തുരുമ്പിച്ച നിലയിലും കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലുമാണെന്നും കണ്ടെത്തി. ഈ റിപ്പോർട്ട് നൽകി മൂന്നുവർഷം കഴിഞ്ഞിട്ടും ഇതേ കെട്ടിടത്തിൽത്തന്നെയാണ് മാർക്കറ്റ് ഇപ്പോഴും പ്രവർത്തിക്കുന്നത്.

പുതിയ കെട്ടിടം പണിതിട്ട് ആറ്‌ വർഷം

-ൽ തീരദേശ വികസന കോർപ്പറേഷൻ പുതിയ മാർക്കറ്റ് കെട്ടിടം പണിത് നൽകിയിരുന്നു. ഈ കെട്ടിടത്തിലേക്ക് മാറാൻ വ്യാപാരികളിൽ ഭൂരിഭാഗവും തയ്യാറായില്ല. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം, പഴയ കെട്ടിടത്തിന്റെ മോശപ്പെട്ട അവസ്ഥ കണക്കിലെടുത്ത്‌ പൊളിച്ചുമാറ്റാമെന്ന് ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി നഗരസഭാ കൗൺസിലിലേക്ക് റിപ്പോർട്ട് നൽകി. പക്ഷേ, നഗരസഭയുടെ തീരുമാനത്തോട്‌ യോജിക്കാൻ കഴിയാതെ വ്യാപാരികൾ കേസ് നൽകിയിരുന്നു.

ഇതോടെയാണ് പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റവും പഴയ കെട്ടിടം പൊളിച്ചുമാറ്റാം എന്ന തീരുമാനവും പ്രതിസന്ധിയിലായത്. പുതിയ കെട്ടിടത്തിൽ കച്ചവടക്കാരുടെ ആവശ്യങ്ങൾ പരിഗണനയിലെടുത്തുള്ള നിർമാണമല്ല നടന്നിരിക്കുന്നത്. വർഷങ്ങളായി കട നടത്തുന്നവരാണ് ഈ കെട്ടിടത്തിൽ ഭൂരിഭാഗവും. അമ്പതോളം വ്യാപാര സ്ഥാപനങ്ങളാണ് നിലവിൽ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് പുറമേ ഹെൽത്ത് സർക്കിൾ ഓഫീസും ഈ കെട്ടിടത്തിലാണ്. പഴയ മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റി ഇവിടെ പുതിയ ഷോപ്പിങ് കോംപ്ലക്സ് നിർമിച്ച് ജനസേവന കേന്ദ്രം, കൗൺസിലർ ഓഫീസ്, കുടുംബശ്രീ ഹെൽത്ത് സർക്കിൾ ഓഫീസ് തുടങ്ങിയവ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ‘ആന്റി കറപ്ക്ഷൻ പീപ്പിൾസ് മൂവ്‌മെന്റ്’ നഗരസഭയെ സമീപിക്കാൻ ഒരുങ്ങുകയാണ്.