കൊച്ചി : ഇന്ത്യയിലെ ഗോൾഫ് ചരിത്രം വേരാഴ്ത്തിയിരിക്കുന്നത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരിത്രത്തിലാണ്. നേരംപോക്കിന് സായിപ്പ് തുടങ്ങിയ കളി പിന്നീട് ക്ലബ്ബുകളിലൂടെ വളർന്നു പന്തലിച്ചു. പാരമ്പര്യവും ഭൂപ്രകൃതിയിലെ പ്രത്യേകതയും കൊണ്ട് ലോകത്തെ തന്നെ മുൻനിരയിലെ ഗോൾഫ് മൈതാനങ്ങളായി പിന്നീട് ഇവ പുനർജനിച്ചു. നഗരങ്ങൾ കേന്ദ്രീകരിച്ച് വ്യവസായങ്ങൾ വർധിച്ചപ്പോൾ ഉയർന്നു വന്ന ഇത്തരം വിനോദ കേന്ദ്രങ്ങളാണ് ഇന്ത്യൻ ഗോൾഫിന്റെ കളിത്തൊട്ടിലായി മാറിയത്.

1829-ലാണ് ഇന്ത്യയിലെ ആദ്യത്തെ ഗോൾഫ് കോഴ്‌സ് കൊൽക്കത്തയിൽ പിറവിയെടുത്തത് - റോയൽ കൽക്കട്ട ഗോൾഫ് ക്ലബ്ബ്. അധികം വൈകാതെ തന്നെ നമ്മുടെ കൊച്ചിയിലും ഇംഗ്ലീഷുകാർ കളി തുടങ്ങിയിരുന്നു. 1922-ലാണ് കൊച്ചിൻ ഗോൾഫ് ക്ലബ്ബ് നിലവിൽ വന്നതെങ്കിലും ഗോൾഫ് ആവേശം അതിനു മുൻപേ ഇവിടെ നിറഞ്ഞിരുന്നു.

കാടുമൂടിയ ചരിത്രം

ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതയുള്ള ഇടമായിരുന്നു ഇന്നത്തെ കൊച്ചിൻ ഗോൾഫ് ക്ലബ്ബിന്റെ സ്ഥലം. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന, റോഡ് മാർഗം ബന്ധപ്പെടാൻ കഴിയാത്ത ചുറ്റും കുറ്റിക്കാടുകൾ അതിരിടുന്ന വിശാലമായ സ്ഥലം. ബോൾഗാട്ടിയെന്ന പേര് ലഭിച്ചതിനു പിന്നിലും ഗോൾഫ് കളിയുടെ സ്മരണകൾ അലയടിക്കുന്നുണ്ട്.

പോഞ്ഞിക്കരയുടെ ഒരു ഭാഗത്തായിരുന്നു വെള്ളക്കാർ ഗോൾഫ് കളിച്ചിരുന്ന കോഴ്‌സ് ഉണ്ടായിരുന്നത്.

ഗോൾഫ് കളിക്കിടെ ബോൾ കാട്ടിൽ പോകുന്നത് പതിവായിരുന്നു. ഈ സമയത്ത് കളിക്കാരുടെ സഹായി (കാഡീസ്) ‘ബോൾ കാട്ടിലാ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറയും. ഈ വിളിച്ചു പറച്ചിൽ പിന്നീട് ബോൾഗാട്ടിയെന്ന പേരിലേക്ക് ചുരുങ്ങി.

കൊച്ചിയിലേക്ക് ഗോൾഫ് എത്തിപ്പെടാൻ പല കാരണങ്ങൾ ഉണ്ടായിരുന്നു. അക്കാലത്ത് കൊച്ചിയിലെ ബ്രിട്ടീഷ് റസിഡന്റാണ് ബോൾഗാട്ടിയിലെ ഡച്ച് കൊട്ടാരത്തിൽ താമസിച്ചിരുന്നത്. കൊച്ചിയിലെ ബ്രിട്ടീഷുകാരായിരുന്നു ഇവിടത്തെ കളിക്കാർ. തുടക്കത്തിൽ ഇംഗ്ലീഷുകാർക്ക് മാത്രമായിരുന്നു ഗോൾഫ് കളിക്കാൻ അവസരം. കാലങ്ങൾക്ക് ശേഷമാണ് ബ്രിട്ടീഷ് കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഇന്ത്യക്കാർക്ക് കളിക്കാൻ കഴിഞ്ഞത്. 1947-നു ശേഷമാണ് എല്ലാവർക്കും അംഗത്വം എന്ന നിലയിലേക്ക് എത്തിയത്. പിൽക്കാലത്ത് ഡച്ച് കൊട്ടാരം കെ.ടി.ഡി.സി. ഏറ്റെടുത്തപ്പോൾ ഗോൾഫ് ക്ലബ്ബ് സൊസൈറ്റിയായി രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുന്നത്. 250-ലേറെ അംഗങ്ങൾ നിലവിൽ ക്ലബ്ബിലുണ്ട്.

അടയാളപ്പെടുത്തിയ മത്സരങ്ങൾ

മുൻ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഉൾപ്പെടെ പല പ്രശസ്തരും ഇവിടെ കളിച്ചിട്ടുണ്ട്. ഔദ്യോഗിക ഉദ്ഘാടനം നടന്നപ്പോൾ മുതൽ തന്നെ പല പ്രധാനപ്പെട്ട മത്സരങ്ങൾക്കും കൊച്ചിയിലെ ഗോൾഫ് കോഴ്‌സ് വേദിയായി. 1925-ൽ തുടങ്ങിയ റിച്ചഡ്‌സൺ കപ്പ്, 1962-ലെ പ്രസിഡന്റ്‌സ് പുട്ടർ, 1972-ലെ അഡ്മിറൽസ് കപ്പ്, 1979-ലെ ബ്രിസ്റ്റോ മെമ്മോറിയൽ ട്രോഫി, ടീ ട്രേഡ് വേഴ്‌സസ് ദ് റെസ്റ്റ്, 1982-ലെ കെല്ലോഗ് ട്രോഫി തുടങ്ങിയവയാണ് ഇവിടെ നടന്ന പ്രമുഖ ടൂർണമെന്റുകൾ. ഉമ്മൻ മെമ്മോറിയൽ ട്രോഫി (1993), വി. വിജയചന്ദ്രൻ ട്രോഫി (1994), ജനറൽസ് സ്വോർഡ് തുടങ്ങിയ മത്സരങ്ങളും ഇതിനോടൊപ്പം നടന്നിട്ടുണ്ട്.

വേണം പുത്തൻ കാഴ്ചപ്പാട്

കൊച്ചി കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണീയതകളിലൊന്നാണ് കൊച്ചിൻ ഗോൾഫ് ക്ലബ്ബ്. അവരെ ഇവിടേക്ക് ആകർഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. നഗരത്തിൽനിന്ന് വേഗത്തിൽ എത്തിപ്പെടാൻ പറ്റിയ എക്സിക്യുട്ടീവ് ഗോൾഫ് കോഴ്‌സെന്നതും പഞ്ചനക്ഷത്ര സൗകര്യമുള്ള താമസവും കൊച്ചിയുടെ പ്രത്യേകതയാണ്. വെള്ളത്താൽ ചുറ്റപ്പെട്ട മനോഹരമായ ഗോൾഫ് കോഴ്‌സായതിനാൽ ലോകത്തിലെ ഗോൾഫ് പ്രേമികളെല്ലാം ബോൾഗാട്ടിയെ ഉറ്റുനോക്കി. ഗോശ്രീ പാലം വരുന്നതുവരെ റോഡുമാർഗമല്ലാതെ ഇവിടെ എത്തിപ്പെടാൻ കഴിയില്ലായിരുന്നു. പാരമ്പര്യത്തിൽ അഭിമാനിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ക്ലബ്ബിനെ പിറകോട്ട് കൊണ്ടുപോകുന്നുണ്ട്.

ഗോൾഫ് കോഴ്‌സ് പരിപാലിച്ച് കൊണ്ടുപോകാൻ വലിയ സാമ്പത്തിക പിന്തുണ ആവശ്യമാണ്. സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയൂ. കുട്ടികൾക്കുള്ള ഗോൾഫ് അക്കാദമിയാണ് നൂറാം വർഷത്തെ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നിലവിൽ വിദ്യാർഥികൾക്ക് 2000 രൂപയുടെ താത്‌കാലിക അംഗത്വം നൽകി പരിശീലനത്തിന് അവസരം ഒരുക്കുന്നുണ്ട്. ധാരാളം കുട്ടികൾ ഗോൾഫിൽ താത്‌പര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ടെന്ന് ക്ലബ്ബ് ഭാരവാഹികൾ പറയുന്നു.

കേരളത്തിന് പുറത്തുനിന്ന് പലരും ഇതിനായി സമീപിച്ചിട്ടുണ്ട്. അക്കാദമിയെന്ന ലക്ഷ്യം പൂർത്തിയായാൽ കേരളത്തിലെ ആദ്യ ഗോൾഫ് അക്കാദമിയായി കൊച്ചിൻ ഗോൾഫ് ക്ലബ്ബ് മാറും. -ാം വർഷത്തെ പ്രധാന ലക്ഷ്യം ഗോൾഫ് അക്കാദമി