കൊച്ചി : ഈ പൊളിഞ്ഞുകിടക്കുന്നിടത്താണോ വിശ്രമിക്കേണ്ടത്. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തിലെത്തിയാൽ ആരും ചോദിച്ചു പോകു മിങ്ങനെ. ഒന്നര വർഷത്തോളമായി വിശ്രമ കേന്ദ്രം അടഞ്ഞുകിടക്കുന്നു. വിശ്രമ കേന്ദ്രത്തിന്റെ ഭൂരിഭാഗവും പൊടിയും ചെളിയും പിടിച്ച് വൃത്തികേടാണ്. നഗരങ്ങളിൽ യാത്രക്കാർക്ക് വിശ്രമ കേന്ദ്രം, ലഘുഭക്ഷണം, ശൗചാലയം എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിച്ചത്.

എറണാകുളം പോലെ തിരക്കേറിയ നഗരത്തിൽ ഇതിന്റെ ആവശ്യം വളരെ വലുതാണ്. നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കുമെല്ലാം ടേക്ക് എ ബ്രേക്ക് വലിയ ആശ്വാസവുമായിരുന്നു. എന്നാൽ, നിലവിൽ വിശ്രമ കേന്ദ്രത്തിന്റെ സ്ഥിതി വളരെ ശോചനീയമാണ്.

ഇവിടെയാണോ വിശ്രമിക്കേണ്ടത്

വിശ്രമ കേന്ദ്രമെന്ന പേരുമാത്രമാണ് അത് തിരിച്ചറിയാനുള്ള മാർഗം. കെട്ടിടത്തിന്റെ ചുമരുകളുൾപ്പെടെ അത്രയും വൃത്തിഹീനമായ നിലയിലാണ്. എന്നാൽ, തകർച്ചയുടെ വക്കിലാണ് ഈ വിശ്രമ കേന്ദ്രം. ഓല മേഞ്ഞ രീതിയിലുള്ള താത്കാലിക ഷെഡ്ഡാണ് അതിന് പുറത്തു കാണുന്നത്. ഏതു സമയവും താഴേക്ക് പതിക്കാവുന്ന നിലയിലാണ് ഈ ഷെഡ്ഡ്‌.

വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കും വിശ്രമിക്കാനാണ് അത്യാധുനിക രീതിയിലുള്ള ശൗചാലയമുൾപ്പെടെയുള്ള വിശ്രമ കേന്ദ്രം പണിതത്. കഫറ്റീരിയ, പണം നൽകി ഉപയോഗിക്കാവുന്ന ശൗചാലയം, ക്ലോക്ക് റൂം എന്നിവയുള്ള വിശ്രമ കേന്ദ്രത്തിന് ഡി.ടി.പി.സി. യുടെ നേതൃത്വത്തിൽ 48 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. എ.ടി.എം. സൗകര്യം കൊണ്ടുവരുന്നതിനുള്ള സ്ഥലവും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ, പ്രവർത്തനം തുടങ്ങിയിരുന്നില്ല.

2017 ജൂൺ 22-നാണ് മുൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഈ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് വിശ്രമ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല കരാറുകാരന് നൽകുകയായിരുന്നു. കഫറ്റീരിയയും ശൗചാലയവും കോവിഡിനു മുൻപ് വരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു.

കരാറുകാരൻ കെട്ടിടം വ്യക്തമായി കാണാത്ത രീതിയിൽ ഓല മേഞ്ഞ് കെട്ടിടത്തിന് രൂപ മാറ്റം വരുത്തി റസ്റ്റോറന്റായി പ്രവർത്തിപ്പിച്ചുവെന്ന് ആരോപണമുണ്ട്.

പരാതിക്ക്‌ പുല്ലുവില

വിശ്രമ കേന്ദ്രം സംസ്ഥാനത്തെല്ലാം ഒരേ മാതൃകയിലാകണമെന്നാണ് നിബന്ധനയെന്ന് ജനകീയ അന്വേഷണ സമിതി ജനറൽ കൺവീനർ ടി.എൻ. പ്രതാപൻ പറഞ്ഞു. വിശ്രമ കേന്ദ്രത്തിന്റെ സമീപത്തായി പ്രവർത്തിക്കുന്ന ടൂറിസം വകുപ്പിന്റെ ഓഫീസിൽ പല തവണ പരാതി നൽകിയിട്ടും നടപടികളുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.

ഒന്നര വർഷത്തോളമായി പ്രവർത്തിക്കാതെ കിടക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ വിഷയത്തിൽ അധികൃതർ കടുത്ത അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്. നടത്തിപ്പ് ചുമതലയുള്ള ഡി.ടി.പി.സി.യും ഇത്രയും കാലം മൗനം പാലിച്ചതിൽ കടുത്ത പരാതിയുണ്ട്.

താത്കാലിക ഷെഡ്ഡ്‌ പൊളിക്കണം

വിഷയത്തിൽ പരാതിയുണ്ടായപ്പോൾ ഷെഡ്ഡ്‌ പൊളിച്ചുമാറ്റാൻ ഡി.ടി.പി.സി. അധികൃതർ കറാറുകാരന് നിർദേശം നൽകിയിട്ടുണ്ട്. ഓല മേഞ്ഞ ഷെഡ്ഡ്‌ നിർമിക്കാൻ കരാറുകാരൻ അനുമതി നേടിയിരുന്നു. എന്നാൽ, കെട്ടിടത്തോടു ചേർന്ന് താത്കാലിക മാറ്റം വരുത്താനാണ് അനുമതി നൽകിയതെന്നും അധികൃതർ അറിയിച്ചു. പൊളിഞ്ഞു തുടങ്ങിയ ഷെഡ്ഡ്‌ എത്രയും വേഗം പൊളിച്ചു മാറ്റാനാണ് നിർദേശം.

2023 വരെയാണ് നിലവിലുള്ള കരാറുകാരന് നടത്തിപ്പ് ചുമതല. ഷെഡ്ഡ്‌ പൊളിച്ചുമാറ്റി വിശ്രമ കേന്ദ്രം വൃത്തിയാക്കി ഉടൻ പ്രവർത്തിച്ചു തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.