മുളന്തുരുത്തി : മുളന്തുരുത്തിയിൽ ലക്ഷങ്ങൾ മുടക്കി പഞ്ചായത്ത് നിർമിച്ച ഇന്ദിരാ ഗാന്ധി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തിട്ട് വർഷം ഒന്നാകാറായി. ഒട്ടുമിക്ക ബസുകളും ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ല. നടക്കാവ് വഴിയുള്ള ബസുകൾ മാത്രമാണ് സ്റ്റാൻഡിൽ കയറുന്നത്. ചോറ്റാനിക്കരയിൽ നിന്നുള്ള ബസുകൾ പള്ളിത്താഴം കവലയിൽനിന്ന്‌ ഏതാനും മീറ്ററകലെ ചോറ്റാനിക്കര റോഡിലാണ് നിർത്തുന്നത്.

ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങളിൽ ബസുകൾ സ്റ്റാൻഡിൽ കയറാതെ വന്നതോടെ പോലീസിന്റെ സഹായത്തോടെയാണ് ബസുകളെ അകത്തു കയറിയത്. ഈ രീതിയിൽ കുറച്ചുകാലത്തേക്ക് ബസുകൾ സ്റ്റാൻഡിൽ കയറാൻ തുടങ്ങി. യാത്രക്കാർ പള്ളിത്താഴത്തെ ജൂവലറിക്ക്‌ സമീപമുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കാൻ തുടങ്ങിയതോടെ ബസുകൾ സ്റ്റാൻഡിലും പള്ളിത്താഴത്തെ പഴയ സ്റ്റോപ്പിലും നിർത്താൻ തുടങ്ങി.

ബസ് സ്റ്റാൻഡിൽ ആളുകൾ കുറയുകയും പള്ളിത്താഴത്തെ സ്റ്റോപ്പിൽ യാത്രക്കാർ കൂടുതൽ പേർ കാത്തുനിൽക്കുകയും ചെയ്തതോടെ സ്റ്റാൻഡിലേക്ക്‌ ബസുകൾ കയറാതായി. മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്നവർ മുളന്തുരുത്തി ബസ് സ്റ്റാൻഡ്‌ അന്വേഷിച്ച് അവിടെ പോയി ബസ്‌ കാത്ത്‌ നിൽക്കാറുണ്ട്. അവിടെനിന്ന് ബസ് കിട്ടാതെ മണിക്കൂറുകൾ പോയതിനു ശേഷം സ്റ്റാൻഡിനു മുന്നിലെ റോഡിലൂടെ പോകുന്ന ബസുകൾ കൈകാട്ടി നിർത്തി കയറി പോവുകയാണ് ചെയ്യുന്നത്.

വലിയ തുക മുടക്കി ബസ് സ്റ്റാൻഡ് നിർമിച്ചിട്ട് ഇത്രയും സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നതിനെക്കുറിച്ച് അധികാരികൾക്ക് മൗനമാണെന്ന് നാട്ടുകാർ പറയുന്നു.

പള്ളിത്താഴത്തെ ഓട്ടോറിക്ഷകളെങ്കിലും ബസ് സ്റ്റാൻഡിലേക്ക്‌ മാറ്റിയാൽ അത്രയും ഉപകാരമാകുമെന്നാണ് കച്ചവടക്കാരും പരിസരവാസികളും ചൂണ്ടിക്കാട്ടുന്നത്.

പിറവത്തേക്കും തലയോലപ്പറമ്പിലേക്കും നടക്കാവ്‌ വഴിയുള്ള ബസുകൾ ബസ് സ്റ്റാൻഡിൽ കയറി പോകാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

തങ്ങളുടെ ഭരണസമിതി ചുമതലയേൽക്കുമ്പോൾ ബസുകൾ സ്റ്റാൻഡിൽ കയറുന്നുണ്ടായിരുന്നില്ലെന്ന് മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി പറഞ്ഞു. കെ.എസ്.ആർ.ടി.സി. ബസുകൾക്ക് സ്റ്റാൻഡിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് പഞ്ചായത്ത് അധികൃതർ ട്രാൻസ്പോർട്ട് അധികൃതരോട്‌ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടയിൽ, കോവിഡ് വ്യാപനത്തോടെ ബസ് സർവീസുകൾ നിലച്ചതിനാൽ തുടർ നടപടികൾ സ്വീകരിക്കാനായില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.