കുമ്പളം : കുമ്പളത്ത് പണ്ഡിറ്റ്ജി റോഡും ലക്ഷ്മീനാരായണ ടെമ്പിൾ റോഡും ഫിഷർമെൻ കോളനി റോഡും യാത്രചെയ്യാനാവാത്തവിധം തകർന്നു. കുഴിനിറഞ്ഞ കുമ്പളം പണ്ഡിറ്റ്ജി റോഡിലൂടെയുള്ള യാത്ര പ്രദേശവാസികൾക്ക് വളരെ ബുദ്ധിമുട്ടായി മാറി. മാസങ്ങളായി തകർന്നുകിടക്കുന്ന റോഡ് അറ്റകുറ്റപ്പണികൾ ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നുകഴിഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും സമരം സംഘടിപ്പിച്ചിരുന്നെങ്കിലും കുഴിപോലും മൂടാൻ അധികൃതർ തയ്യാറായിട്ടില്ല.

കുമ്പളം-നെട്ടൂർ പാലത്തിൽ തിരക്ക് കൂടിയതോടെ ഈ റോഡിലും തിരക്ക് വർധിച്ചു. രാവിലെ മുതൽ ആലപ്പുഴ ഭാഗത്തുനിന്ന്‌ ടോൾ വെട്ടിച്ച് കടന്നുപോകുന്ന വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. റോഡിലെ കുഴിയും അതിൽ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടും മൂലം പരിസരവാസികളും ബുദ്ധിമുട്ടിലായി.

കഴിഞ്ഞ ഇടതു ഭരണസമിതിയുടെ കാലത്ത് ഫിഷർമെൻ കോളനി റോഡ് നവീകരണത്തിനായി 57.7 ലക്ഷം രൂപ അനുവദിച്ചു. നിർമാണം തുടങ്ങിയെങ്കിലും കരാറുകാരൻ ഇടയ്ക്കുവച്ച് പണി നിർത്തിപ്പോയി.

ടെമ്പിൾ റോഡിലൂടെയാണ് ലക്ഷ്മീനാരായണ ക്ഷേത്രം, കുമ്പളം റെയിൽവേ സ്റ്റേഷൻ, നാഷണൽ ഹൈവേ എന്നിവിടങ്ങളിലേക്ക് യാത്രക്കാരേറെയും പോകുന്നത്. ഇതും തകർന്ന് തരിപ്പണമായി.