മുളന്തുരുത്തി : നവജാത ശിശുക്കളിൽ ന്യൂമോണിയയ്ക്കും മസ്തിഷ്‌ക ജ്വരത്തിനുമുള്ള പ്രതിരോധ കുത്തിവെപ്പായ ‘ന്യുമോകോക്കൽ വാക്സിൻ’ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വിതരണം തുടങ്ങി. ഒന്നര മാസം പ്രായമായ കുട്ടികൾക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകും. നാലു മാസത്തിൽ രണ്ടാം ഡോസും ഒമ്പതാം മാസം മൂന്നാം ഡോസും എടുക്കണം.

സ്വകാര്യ മേഖലയിൽ വലിയ തുക ചെലവു വരുന്ന വാക്സിനാണ്‌ സൗജന്യമായി നൽകുന്നത്. വാക്സിനേഷന്റെ ബ്ലോക്ക്തല ഉദ്ഘാടനം കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. പ്രദീപ്, എം.എം. ബഷീർ, മെഡിക്കൽ ഓഫീസർ ഡോ. സീന എൻ.എസ്. തുടങ്ങിയവർ പ്രസംഗിച്ചു.

മുളന്തുരുത്തി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ഷാജി മാധവൻ, ജൈനി രാജു, ലതിക അനിൽ, മെഡിക്കൽ ഓഫീസർമാരായ ഡോ. സുധ എ., ഡോ. മിനി.ഘ സി.എൽ. തുടങ്ങിയവർ പങ്കെടുത്തു.

പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, സിജി അനോഷ്, മെഡിക്കൽ ഓഫീസർ ഡോ. സുധ എ. തുടങ്ങിയവർ പങ്കെടുത്തു.