കോതമംഗലം : പേമാരിയിൽ മാമലകണ്ടത്ത് മലയിടിഞ്ഞ് വൻ പാറക്കല്ലുകൾ പുരയിടത്തിലേക്ക് പതിച്ച് വൻകൃഷിനാശം. വീടിന് ഏതാനും മീറ്റർ അപ്പുറത്താണ് പാറക്കൂട്ടം പതിച്ചത്. തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്. ഭീതിയോടെ പ്രദേശവാസികൾ. മാമലകണ്ടം ഗവൺമെന്റ് ഹൈസ്കൂളിന് എതിർവശത്ത്് വനാതിർത്തിയിലെ പട്ടിമുടി ഇടിഞ്ഞ് തുമ്പേപറമ്പിൽ മനോജിന്റെ ഒരേക്കറിലേറെ കൃഷിയിടമാണ് പാറകൾ പതിച്ച് നശിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ കനത്തമഴയ്ക്കിടെയാണ് സംഭവം. ശക്തിയായ മഴയ്ക്കിടെ വലിയ ശബ്ദംകേട്ട് മനോജും അയൽവാസികളും പുറത്തിറങ്ങിയ സമയത്താണ്‌ വലിയപാറക്കല്ല് താഴേക്ക് തെറിച്ചുവന്നത്. ഓടിമാറിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് മനോജ് പറഞ്ഞു.

ബുധനാഴ്ച രാവിലെ ചെന്നു നോക്കിയപ്പോഴാണ് പുരയിടത്തിന്റെ നല്ലൊരുഭാഗത്തേയും കാർഷികവിളകൾ പാറക്കല്ലു വീണ് നശിച്ചിരിക്കുന്നതായി കണ്ടത്. ടാപ്പിങ് തുടങ്ങി രണ്ടുവർഷമായ 70-ഓളം റബ്ബർമരങ്ങളും 40 വീതം കാപ്പിയും കൊക്കോവൃക്ഷങ്ങളും കുരുമുളകുകൃഷിയും കല്ലുവീണ്് നാമാവശേഷമായി.

പതിനഞ്ചോളം പാറകളാണ് പുരയിടത്തിൽ വീണത്. ഇതിനൊപ്പം ചെറുതും വലുതുമായ പാറക്കല്ലുകൾ വേറെയും പതിച്ചിട്ടുണ്ട്. അതുപോലെ മലയിൽനിന്ന് വീണ നിരവധി വലിയ കല്ലുകൾ ഈറ്റക്കാട്ടിൽ തങ്ങിനിൽക്കുന്നുമുണ്ട്. മഴ വീണ്ടും കനത്താൽ വീണ്ടും മലയിടിയാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അധികൃതർ എത്തി പരിഹാരം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മലയോരഗ്രാമം. കീരംപാറ പഞ്ചായത്തിലെ മുട്ടത്തുകണ്ടത്തും സമാനസംഭവം രണ്ടുപ്രവാശ്യം സംഭവിച്ചിരുന്നു. ചൊവ്വാഴ്ച ഇടമലയാറിന് സമീപം ഉരുൾപൊട്ടി താളുംകണ്ടം, പൊങ്ങിൻചോട് ഊരുകളിലേക്ക്‌ പോകുന്ന റോഡിൽ കല്ലും മണ്ണും മരങ്ങളും വീണ് തടസ്സപ്പെട്ട ഗതാഗതം ബുധനാഴ്ച പുനഃസ്ഥാപിച്ചു.

സത്രപ്പടി നാലുസെന്റ് കോളനി റവന്യൂ സംഘം സന്ദർശിച്ചു

കോതമംഗലം : കനത്തമഴയിൽ മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്ന കുട്ടംപുഴ പഞ്ചായത്തിലെ സത്രപ്പടി നാലുസെന്റ് കോളനിയിൽ ജില്ലാ കളക്ടറുടെ നിർദേശാനുസരണം റവന്യൂ സംഘം സന്ദർശനം നടത്തി സ്ഥിതി വിലയിരുത്തി. മലഞ്ചെരിവിൽ താമസിക്കുന്ന നാലുസെന്റ് കോളനിയിലെ 29 കുടുംബങ്ങൾ അപകടഭീഷണിയിലാണെന്ന് കഴിഞ്ഞ ദിവസം മാതൃഭൂമി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടി.

ചൊവ്വാഴ്ചത്തെ യോഗത്തിൽ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘത്തിന്റെ സന്ദർശനം. ആർ.ഡി.ഒ. പി.എൻ. അനി, തഹസിൽദാർ റേയ്ച്ചൽ കെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച സ്ഥലത്തെത്തി കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട് റിപ്പോർട്ട്് നൽകിയത്. ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്്്. മഴ ശക്തിപ്രാപിച്ചാൽ കോളനിക്കാരെ താത്കാലികമായി മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്്. ചെങ്കുത്തായ ഭൂമിയിൽ തട്ടുതട്ടുകളായി മണ്ണ്നീക്കി വീട് നിർമിച്ചിരിക്കുന്നത് സുരക്ഷിതമല്ലെന്ന് സംഘം വിലയിരുത്തി. വീടുകൾ ഇരിക്കുന്ന ഭാഗത്തെ മണ്ണ് ഉറപ്പില്ലാത്തതിനാൽ മഴ ശക്തമായാൽ വീണ്ടും മണ്ണിടിച്ചിലിനും കുടുംബങ്ങൾക്ക് അപകടഭീഷണി നിലനിൽക്കുന്നതായും അധികൃതർ പറഞ്ഞു. സംരക്ഷണഭിത്തികെട്ടി വീടുകൾ ബലപ്പെടുത്തുന്നത് ഭാരിച്ച ചെലവുണ്ടാകുന്നതാണെന്ന്് പഞ്ചായത്ത്് അധികൃതർ റവന്യൂ അധികൃതരെ അറിയിച്ചിരുന്നു. ശാശ്വതപരിഹാരത്തിന് പഞ്ചായത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമിച്ച് നൽകി കോളനിക്കാരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കണമെന്നും കളക്ടർക്ക്് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന്്് ആർ.ടി.ഒ. അറിയിച്ചു.

കോർമലക്കുന്നിൽനിന്ന് കൂറ്റൻ കല്ലുകളിടിഞ്ഞ് പെട്രോൾ പമ്പിൽ വീണു; ആളപായമില്ല

മൂവാറ്റുപുഴ : ഏഴുവർഷം മുൻപ് കെട്ടിടങ്ങൾ തകർത്ത് എം.സി. റോഡിലേക്ക് ഇടിഞ്ഞുനിരന്ന കോർമലക്കുന്നിന്റെ (എൻ.എസ്.എസ്. മല) മറ്റൊരു ഭാഗത്തുനിന്നും കൂറ്റൻ കല്ലുകളും മണ്ണും നഗരത്തിലെ പെട്രോൾ പമ്പിലേക്ക് അടർന്നുവീണു. മൂവാറ്റുപുഴ വെള്ളൂർക്കുന്നം പി.കെ.സി. പെട്രോൾ പമ്പിലേക്ക് ചൊവ്വാഴ്ച പാതിരാത്രിയാണ് പാറക്കല്ലുകളും മണ്ണും പതിച്ചത്. പെട്രോൾ ബങ്കിന്‌ തൊട്ടടുത്തേക്ക് കൂറ്റൻ കല്ലുകൾ തെറിച്ചെത്തി. പമ്പിന്റെ ബോർഡും ഫെൻസിങ്ങും തകർത്താണ് കല്ലുകൾ പതിച്ചത്. രാത്രി 12 മണിയായിരുന്നതിനാൽ ഇവിടെ യാത്രക്കാരോ വാഹനങ്ങളോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് അതിനാൽ ഒഴിവായതെന്ന് ജീവനക്കാർ പറയുന്നു.

അപകടസാധ്യത കണക്കിലെടുത്ത് ഇതിനടുത്തെ ചില താമസക്കാരെ മാറ്റിയിട്ടുണ്ട്. മണ്ണിടിഞ്ഞും അടിത്തട്ടിളകിയും ദുർബലമായിക്കൊണ്ടിരിക്കുന്ന കോർമലക്കുന്നിന്റെ, എൻ.എസ്.എസ്. റോഡിനോട് ചേർന്നുള്ള തിട്ടയാണ് അടർന്നുവീണത്. 20 അടിയിലേറെ ഇവിടെ ആഴമുണ്ട്. കോർമലയുടെ മണ്ണിന്റെ ഘടനതന്നെ ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞ മൺതിട്ടയാണ്. അതിനാൽ, അസ്വാഭാവികമായ രീതിയിൽ ഇവിടെ മണ്ണെടുക്കുകയോ നിരത്തുകയോ ചെയ്താൽ മണ്ണിടിയും. ഇതാണ് ഏഴുവർഷം മുൻപ് നടന്നത്. ഈ പ്രദേശത്ത് നടക്കുന്ന അനധികൃത മണ്ണെടുപ്പും നിർമാണവുമാണ് ഇപ്പോഴത്തെ മണ്ണിടിച്ചിലിന്‌ കാരണമെന്ന് സ്ഥലവാസികൾ പറയുന്നു. ഇപ്പോൾ മണ്ണിടിഞ്ഞതിന്‌ മുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റിയിരുന്നു. ജല അതോറിറ്റിയുടെ കൂറ്റൻ ജലസംഭരണിവരെ അപകടത്തിൽ നിലകൊള്ളുന്ന കോർമലക്കുന്നിലെ മണ്ണെടുപ്പ്, മണ്ണിന് ഇളക്കം സംഭവിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ എന്നിവ വിലക്കി ജില്ലാ കളക്ടർ നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ നൽകിയ പരാതികളിൽ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ജനപ്രതിനിധികൾ സ്ഥലത്ത്‌ സന്ദർശനം നടത്തി. റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

മണ്ണെടുപ്പ്: വിജിലൻസ് തെളിവെടുത്തു

മൂവാറ്റുപുഴ : മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ പേരിൽ മണ്ണ് കടത്തിയെന്ന പരാതിയിൽ വിജിലൻസ് സംഘം പരിശോധന നടത്തി. മൂവാറ്റുപുഴ നഗരസഭാ കാര്യാലയത്തിലും മണ്ണെടുത്തുമാറ്റിയ കാവുങ്കര പച്ചക്കറി മാർക്കറ്റിന്‌ സമീപമുള്ള നഗരസഭ വക ഭൂമിയിലും പരിശോധനാ സംഘമെത്തി തെളിവെടുത്തു. 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭയുടെ സ്ഥലത്തുനിന്ന് മണ്ണെടുത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഈ ഇടപാടിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങൾ നൽകിയ പരാതിയിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട രേഖകളും വിജിലൻസ് സംഘം പരിശോധനയ്ക്കെടുത്തു.