കൊച്ചി : 'താമസിക്കാനൊരിടം വേണം, നഗരത്തിലെന്നല്ല ജില്ലയിലെവിടെയും താമസിക്കാൻ വീട് കിട്ടാൻ ബുദ്ധിമുട്ടാണ്, അതിനൊരു പരിഹാരം വേണം...' ജില്ലാ കളക്ടർ ജാഫർ മാലിക്കിനോട് ട്രാൻസ്‌ജെൻഡറുകൾ പറഞ്ഞ പ്രധാന ആവശ്യമാണിത്. കലൂർ റിന്യുവൽ സെന്ററിൽ സംഘടിപ്പിച്ച ട്രാൻസ്‌ജെൻഡർ ഏകദിന ക്യാമ്പിൽ (ഏഴു നിറങ്ങൾ) പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളുടെയും പ്രധാന ആവശ്യവും താമസിക്കാനൊരിടം എന്നതായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ സർക്കാർ സംവിധാനത്തിൽ നടത്തണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു.

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളും ആവശ്യങ്ങളും സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് കളക്ടർ അറിയിച്ചു. ഈ രംഗത്തെ എൻ.ജി.ഒ.കളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന ഉറപ്പ് നൽകി അവർക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് കളക്ടർ മടങ്ങിയത്.

എ.സി.പി. ബിജി ജോർജ്, ജില്ലാ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് പ്രതിനിധി നവാസ്, ട്രാൻസ്‌ജെൻഡർ സെൽ പ്രോജക്ട് ഓഫീസർ ശ്യാമ എസ്. പ്രഭ, സാമൂഹിക പ്രവർത്തക അഡ്വ. മായ കൃഷ്ണൻ, ഡോ. സി.ജെ. ജോൺ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

വെൽഫെയർ സർവീസസ് ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.കെ. സുബൈർ എന്നിവർ സംസാരിച്ചു.

ജില്ലാ സാമൂഹ്യനീതി വകുപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ വെൽഫെയർ സർവീസസും (സഹൃദയ) ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 140 ട്രാൻസ്‌ജെൻഡർ വ്യക്തികൾ പങ്കെടുത്തു. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കോവിഡ് വാക്‌സിനേഷനും നടത്തി.