പെരുമ്പാവൂർ

: ടോബിന് സുഖമാണിപ്പോൾ. പുതിയ വീട്ടിൽ അവനേക്കുറിച്ച് ആർക്കും ഒരു പരാതിയുമില്ല. വീട്ടുകാരുടെ സ്വന്തം കുടുംബാംഗത്തെ പോലെയാണ് ഇപ്പോൾ അവന്റെ ജീവിതം. ‘ലാബ്രഡോർ’ ഇനത്തിൽപ്പെട്ട രണ്ടര വയസ്സുള്ള വളർത്തുനായ ആണ് ‘ടോബിൻ’. പ്രായത്തിൽ കവിഞ്ഞ വളർച്ചയും ഗംഭീരമായ കുരയും. കൂട്ടിലാണെങ്കിൽപ്പോലും അടുത്തുചെല്ലാൻ ആരുമൊന്ന് ഭയക്കും. അയൽവാസികളുടെ പരാതിയെ തുടർന്നാണ് മുൻപുണ്ടായിരുന്ന യജമാനന്റെ വീട്ടിൽ നിന്ന് അവന് പുതിയ വീട്ടിലേക്ക്‌ മാറേണ്ടിവന്നത്. കാതടപ്പിക്കുന്ന അവന്റെ കുര ഉറക്കം കെടുത്തുന്നുവെന്ന ആളുകളുടെ പരാതി കോടനാട് പോലീസ് സ്റ്റേഷൻ വരെയെത്തി.

മൃഗസ്നേഹി കൂടിയായ കോടനാട് ഇൻസ്പെക്ടർ സജി മാർക്കോസിന്റെ ഇടപെടലിൽ അദ്ദേഹത്തിന്റെ കുടുംബസുഹൃത്തും അധ്യാപകനുമായ വേങ്ങൂർ തൂങ്ങാലിയിലുളള റെജി ഇട്ടൂപ്പിന്റെ വീട്ടിലേക്ക്‌ ടോബിൻ കൂടുമാറി.

പുതിയ ‘സ്കൂളി’ൽ ടോബിന് രണ്ട് കൂട്ടുകാരികളുണ്ട്. ലാബ്രഡോർ ഇനത്തിലുളള ജൂലിയും ഡോബർമാൻ വംശജയായ ജൂലിയറ്റും. റെജി ഇട്ടൂപ്പിന്റെ ഭാര്യയും കൊമ്പനാട് ഗവ. സ്കൂൾ അധ്യാപികയുമായ എജി മാത്യുസും മകൻ മാത്യു പോളുമാണ് ഇവരുടെ പരിചാരകർ.

ആദ്യത്തെ ഉടമ കഴിഞ്ഞദിവസം ടോബിനെ കാണാനെത്തിയിരുന്നു, കൈനിറയെ അവന് പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങളുമായി. ‘കണ്ടുനിൽക്കുന്നവരുടെ കണ്ണുനിറച്ചു അവരുടെ കൂടിക്കാഴ്ച...' -എജി ടീച്ചർ പറയുന്നു.

ടോബിനെ രണ്ടുകൊല്ലം മുൻപ് കണ്ണൂരിൽ നിന്നാണ് ഉടമ പെരുമ്പാവൂരിലേക്ക്‌ കൊണ്ടുവന്നത്. കുടുംബാംഗങ്ങളിലോരുത്തരും ടോബിന്റെ വിശേഷങ്ങൾ ചോദിച്ച് പുതിയ വീട്ടുകാരെ ഇപ്പോഴും ഫോണിൽ വിളിക്കുന്നു. വേണമെങ്കിൽ നല്ല വിലയ്ക്ക് വാങ്ങാൻ ആളുണ്ടെന്ന സാഹചര്യത്തിലും അവനെ വിൽക്കാൻ ആദ്യ ഉടമ തയ്യാറായിരുന്നില്ല. നായയെ കൈമാറുമ്പോൾ ഇടയ്ക്ക് പോയി കാണാൻ സൗകര്യമുള്ളിടത്തേക്ക്‌ മാറ്റണമെന്ന ആവശ്യം മാത്രമാണ് അദ്ദേഹം പറഞ്ഞത്.