പറവൂർ

:അരിപ്പൊടിയും മൈദയും ചേർത്ത് അക്ഷരങ്ങളുടെ രൂപത്തിൽ ചെറിയ അപ്പം ഉണ്ടാക്കും. അക്ഷര അപ്പങ്ങൾ ഒന്നൊന്നായി എടുത്ത് കോൽത്തേനിൽ മുക്കി കുട്ടികളുടെ നാവിൽ െവച്ചുകൊടുക്കും. തേനൂറും അക്ഷരപ്രസാദം നിറമനസ്സോടെ അവർ നുണഞ്ഞിറക്കും. ഒരുകാലത്ത് കേരളത്തിലെ പ്രബല സമൂഹങ്ങളിലൊന്നായിരുന്ന മലയാള ജൂതരുടെ വിദ്യാരംഭം ഇങ്ങനെയായിരുന്നു.

ജൂതരുടെ വിദ്യാരംഭത്തിന്റെ തനതായ ഈ പാരമ്പര്യത്തെക്കുറിച്ച് വൈലോപ്പിള്ളി ശ്രീധര മേനോൻ ‘കേരളത്തിലെ യഹൂദർ ഇസ്രയേലിലേക്ക്’ എന്ന കവിതയിൽ വർണിക്കുന്നുണ്ട്, ‘മധുരിപ്പാ,നക്ഷരങ്ങൾ പോലെയപ്പം തീർത്തു കോൽത്തേൻ ചേർത്തും.....' എന്ന്.

സിനഗോഗിൽ മൂന്നുപാടും ജനാലകളുള്ള വെളിച്ചം നിറഞ്ഞയിടത്താണ് വിദ്യാരംഭം. വെളിച്ചം ദൈവികശക്തിയും വഴികാട്ടിയുമാണെന്ന വിശ്വാസം പുലർത്തിയിരുന്നു.

ജൂത മലയാളം പൊതു മലയാളത്തിൽനിന്ന് അല്പം വേറിട്ടതാണ്. 1960-കളിൽ മലയാള ജൂതർ സ്വതന്ത്ര ഇസ്രയേലിലേക്ക് മടങ്ങിയതോടെ അക്ഷരം അപ്പമാക്കിയുള്ള വിദ്യാരംഭവും ഇവിടെ ഇല്ലാതായി. പറവൂരിലെ ജൂത ജീവിതശൈലീ മ്യൂസിയത്തിലെത്തുന്നവർക്ക് ജൂത വിദ്യാരംഭം നടന്ന സ്ഥലവും കാണാമെന്ന് മ്യൂസിയം മാനേജർ കെ.ബി. നിമ്മി പറഞ്ഞു.

യഹൂദ സമൂഹം മലയാള മണ്ണ് വിട്ടുപോയെങ്കിലും ഇസ്രയേലിലെ മലയാളി ജൂതർ ഇന്നും കേരളത്തെക്കുറിച്ചുള്ള ഓർമകൾ നിറഞ്ഞ മധുരത്തോടെയാണ് താലോലിക്കുന്നത്. ജൂതരെക്കുറിച്ചുള്ള ഓർമകൾ മലയാളിക്കും ഹൃദ്യമാണ്.

സ്വർണ മോതിരമോ സ്വർണാംശമുള്ള എഴുത്താണിയോ കണ്ടാണ് ആചാര്യൻ കുട്ടികളുടെ നാവിൻതുമ്പിൽ ഹരിഃശ്രീ കുറിക്കുന്നത്. ഈ നാടിന്റെ ആചാരനിഷ്ഠകളുമായി ഇഴചേർന്നുനിന്ന ജൂതസമൂഹം അതു മാതൃകയാക്കിയാണ് അവരുടെ വഴികളിലൂടെ ജൂത വിദ്യാരംഭം നടത്തിവന്നിരുന്നത്. പറവൂരും ചേന്ദമംഗലത്തും മാളയിലും ഉൾപ്പെടെയുണ്ടായിരുന്ന 12 ജൂതപ്പള്ളികളിലെ പാഠശാലകളിൽ ജൂത വിദ്യാരംഭം നടത്തിപ്പോന്നിരുന്നു.