കൊച്ചി: ഓൺലൈൻ വാക്സിനേഷൻ ദയനീയ അവസ്ഥയിലെത്തിയപ്പോൾ വിജയകരമായ കുമ്പളങ്ങി മോഡലിലേക്ക്‌ പോയ കഥയാണ് പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു പറഞ്ഞത്. ’’ഞങ്ങളുടെ നാട്ടിൽ ഓൺലൈൻ ബുക്കിങ്ങിന്റെ അവസ്ഥ പരമ ദയനീയമായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക്‌ സൈറ്റ് ഓപ്പണാകുമെന്നുകണ്ട്‌ കാത്തിരിക്കുമ്പോൾ രണ്ടോ മൂന്നോ മിനിറ്റുകൊണ്ട് എല്ലാം ഫുള്ളാകും. 200 എണ്ണം വന്നാൽ അതിൽ കുമ്പളങ്ങിക്കാർക്ക്‌ കിട്ടിയിരുന്നത് പത്തോ ഇരുപതോ മാത്രം. ഈ അവസ്ഥയിൽനിന്ന്‌ മാറ്റം വേണമെന്ന ജനങ്ങളുടെ ആവശ്യം കണ്ടാണ്‌ പഞ്ചായത്ത് അധികൃതർ ജനപ്രതിനിധികളേയും അധികാരികളേയും സമീപിച്ചത്. കെ.ജെ. മാക്സി എം.എൽ.എ.യേയും ഹൈബി ഈഡൻ എം.പി.യേയും ജില്ലാ കളക്ടറേയും ഒക്കെ കണ്ട്‌ കാര്യം പറഞ്ഞതോടെ ഇപ്പോൾ കുമ്പളങ്ങിക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് തുടങ്ങാമെന്നാണ് അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയോടെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് കുമ്പളങ്ങിയിൽ തുടങ്ങാനുള്ള ശ്രമത്തിലാണ് ഞങ്ങൾ’’ - ലീജ പറഞ്ഞു.