കൊച്ചി: തലയിൽ പുല്ലും കൈയിൽ പൂക്കളുമായി പി.പി.ഇ. കിറ്റണിഞ്ഞ്‌ മുട്ടുകുത്തി വ്യാപാരികൾ... കാക്കനാട് ജില്ലാ ഭരണകേന്ദ്രത്തിനു മുന്നിലെ സമരക്കാഴ്ചയാണിത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ സർക്കാരിന്റെ പിന്തുണ ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സമ്പൂർണ കടയടപ്പ് സമരം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക, ലോക്ഡൗൺകാലത്തെ ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, സർക്കാർ ഉത്തരവുപ്രകാരം അടച്ചിട്ടിരിക്കുന്ന കടകളുടെ വാടക ഒഴിവാക്കാൻ നിയമ നിർമാണം നടത്തുക, വായ്പകൾക്ക്‌ പലിശരഹിത മൊറട്ടോറിയം അനുവദിക്കുക, ജി.എസ്.ടി. ഉൾപ്പെടെയുള്ള നികുതി അടയ്ക്കാൻ പിഴയില്ലാതെ ആറു മാസത്തെ സമയം അനുവദിക്കുക, വ്യാപാര ക്ഷേമ ബോർഡിൽനിന്ന്‌ അടിയന്തര ധനസഹായം അനുവദിക്കുക, വാക്സിൻ മുൻഗണനാ പരിധിയിൽ മുഴുവൻ വ്യാപാരികളെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

കെ.വി.വി.ഇ.എസ്. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിങ്‌ പ്രസിഡന്റ് ടി.ബി. നാസർ അധ്യക്ഷത വഹിച്ചു. ജില്ലയിൽ മെഡിക്കൽ സ്റ്റോറുകളും പെട്രോൾ പമ്പുകളും മാത്രമാണ്‌ തിങ്കളാഴ്ച പ്രവർത്തിച്ചത്. പ്രധാന വ്യാപാര കേന്ദ്രങ്ങളും മാർക്കറ്റുകളും അടഞ്ഞുകിടന്നു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ, എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്‌സ് അസോസിയേഷൻ, ബേക്കേഴ്‌സ് അസോസിയേഷൻ, സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ തുടങ്ങി വിവിധ വ്യാപാര സംഘടനകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള സമരത്തിന്റെ ഭാഗമായി.

കണ്ണടക്കട തുറക്കാൻ അനുവദിക്കണം

: വിദ്യാഭ്യാസം പൂർണമായും ഓൺലൈനായതോടെ കണ്ണട ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കണ്ണടകളുടെ ആവശ്യം കൂടുന്നുണ്ട്. എന്നാൽ, ലോക്ഡൗൺ ഇളവുകൾ ഇല്ലാത്തതിനാൽ കടകൾ തുറക്കാൻ അനുമതിയില്ല. ഈ സാഹചര്യത്തിൽ കണ്ണടക്കടകളെ സെമി ആരോഗ്യ മേഖലയിൽ ഉൾപ്പെടുത്തി എല്ലാ ദിവസവും കട തുറക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. തുറക്കാൻ കഴിയാത്ത കടകളുടെ വാടക ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം, ജി.എസ്.ടി. ഒഴിവാക്കുക, ഓൺലൈൻ വ്യാപാര കുത്തക നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു.

വ്യാപാരികളെ അംഗീകരിക്കുന്നില്ല

വ്യാപാര മേഖലയിൽ സ്വയംതൊഴിൽ കണ്ടെത്തിയ വലിയൊരു വിഭാഗം കേരളത്തിലുണ്ടെന്നത് ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി മുഖ്യമന്ത്രി കോവിഡ് സമാശ്വാസ പത്രസമ്മേളനം നടത്തുന്നുവെങ്കിലും ഇതുവരെ വ്യാപാരികൾക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമോ നടപടിയോ നടത്തിയിട്ടില്ല. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ പ്രതിഷേധവുമായി വ്യാപാരികൾ മുന്നോട്ടു പോകും.

- അഡ്വ. എ.ജെ. റിയാസ്

കെ.വി.വി.ഇ.എസ്. ജില്ലാ ജനറൽ സെക്രട്ടറി