കൊച്ചി: കോവിഡ് പ്രതിരോധ വാക്സിനേഷനുള്ള ബുക്കിങ് പൂർണമായും ഓൺലൈനിലായതോടെ ജില്ലയുടെ പല ഭാഗങ്ങളിലും ‘റേഞ്ച്’ അടക്കമുള്ള പ്രശ്നങ്ങൾ വാക്സിനേഷനെ ബാധിക്കുന്നു. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് റേഞ്ച് തീരെ കുറവായത്‌ ഗ്രാമപ്രദേശങ്ങളിൽ വാക്സിൻ ബുക്ക് ചെയ്യുന്നതിന്‌ തടസ്സമാകുന്നു. ഓൺലൈൻ സ്പോട്ട് ബുക്കിങ് സംവിധാനത്തിലെ അവ്യക്തതയ്ക്കൊപ്പം ഓൺലൈൻ അറിവില്ലായ്മയും വാക്സിനേഷനെ സാരമായി ബാധിക്കുന്നു. നഗരത്തിലെ ആളുകൾക്ക്‌ ലഭിക്കുന്നത്ര വേഗത്തിലും വ്യാപ്തിയിലും ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ ഓൺലൈൻ സൗകര്യം ലഭിക്കുന്നില്ലെന്നാണ്‌ പ്രധാന പരാതി. നഗരത്തോട്‌ താരതമ്യം ചെയ്യുമ്പോൾ ഗ്രാമപ്രദേശങ്ങളിലെ ഓൺലൈൻ ബുക്കിങ്‌ വളരെ കുറവാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ അധികാരികളെ സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. ഓൺലൈൻ സംവിധാനത്തിലെ പ്രശ്നങ്ങളെപ്പറ്റി ആരോഗ്യ രംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നുണ്ട്.

വാക്സിനേഷൻ ശനിയാഴ്ച വരെ

ജില്ലയിൽ വാക്സിനെടുത്തത് - 11,90,315

രണ്ട്‌ ഡോസുമെടുത്തത് - 2,47,025

ആദ്യ ഡോസ് മാത്രം - 9,43,290

കോവിഷീൽഡ് ആദ്യ ഡോസ് - 8,66,425

കോവിഷീൽഡ് രണ്ട്‌ ഡോസും - 2,04,503

കോവാക്സിൻ ആദ്യ ഡോസ് - 76,865

രണ്ട്‌ ഡോസും - 42,522

അയ്യമ്പുഴയിൽ നാലിലൊന്ന്

കുമ്പളങ്ങി, ചെല്ലാനം, അയ്യമ്പുഴ, മലയാറ്റൂർ, കോതമംഗലം തുടങ്ങിയ ചില പ്രദേശങ്ങളിൽ വാക്സിൻ എടുത്തവർ വളരെ കുറവാണ്. റേഞ്ച് പ്രശ്നം മൂലം വാക്സിനേഷനിൽ പിന്തള്ളപ്പെടുന്നവരുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് അയ്യമ്പുഴ.

സ്ഥിതി വളരെ മോശം

ഞങ്ങളുടെ ഇവിടെ കാര്യങ്ങൾ കഷ്ടമാണ്. പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ തീരെ റേഞ്ചില്ല. മറ്റിടങ്ങളിലും സ്ഥിതി വളരെ മോശമാണ്. 100 പേർക്കുള്ള വാക്സിൻ കൊടുത്താൽ അതിൽ 25 എണ്ണമാണ് ഇവിടെയുള്ളവർക്ക്‌ ലഭിക്കുന്നത്. ബാക്കിയെല്ലാം മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ബുക്കിങ്ങിൽ പോകും. ഇവിടെ വാക്സിൻ എടുക്കാൻ വന്നവരിൽ ചാലക്കുടിക്കാരനും മൂവാറ്റുപുഴക്കാരനുമൊക്കെയുണ്ട്. ആർക്ക്‌ കിട്ടുന്നതും സന്തോഷമുള്ള കാര്യമാണ്. പക്ഷേ, ഇവിടെയുള്ളവരുടെ അവസരം പോകുന്നത് സങ്കടകരമാണ്.

- പി.യു. ജോമോൻ

അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്

തുല്യ അവസരം പ്രധാനം

വാക്സിനേഷനായി ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനത്തിൽ എല്ലാവർക്കും തുല്യ അവസരം കിട്ടുന്നില്ല എന്നത്‌ യാഥാർഥ്യമാണ്. എന്നാൽ ചില പ്രദേശങ്ങളിൽ 20 ശതമാനം ആളുകൾക്കു പോലും വാക്സിൻ കിട്ടാത്ത അവസ്ഥയുണ്ട്. ഇതേച്ചൊല്ലി അവിടത്തെ ജനപ്രതിനിധികൾ പരാതി പറയുകയും ചിലയിടങ്ങളിൽ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. പഴയ രീതിയിൽ സ്പോട്ട് ബുക്കിങ് സംവിധാനം തുടരുകയാണെങ്കിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എല്ലായിടത്തും തുല്യ അവസരങ്ങളോടെ വിജയകരമായി വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

- ഡോ. ജി. സിറിൾ

ആലുവ ജില്ലാ ആശുപത്രി