കൊച്ചി: ടൂറിസം മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിന് സഹായകരമാകുന്ന നിരവധി ടൂറിസം കേന്ദ്രങ്ങളുള്ള ജില്ലയാണ് എറണാകുളമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി റിയാസ് മുഹമ്മദ് പറഞ്ഞു. ജില്ലയിലെ മലയോര മേഖലയിലെ റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ട്‌ പട്ടിമറ്റം റസ്റ്റ്ഹൗസിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളെ പെട്ടെന്ന് സജീവമാക്കാനുള്ള നടപടികൾ പരിഗണനയിലുണ്ട്. അവ യാഥാർഥ്യമാക്കാനുള്ള തീരുമാനം നടപ്പാക്കും. കടമ്പ്രയാർ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രധാന വിമാനത്താവളം സ്ഥിതിചെയ്യുന്ന ജില്ല എന്ന നിലയിലും ടൂറിസത്തിന്‌ വലിയ സാധ്യതയുണ്ട്. കേന്ദ്രങ്ങളുടെ കണക്ടിവിറ്റി ഉറപ്പാക്കുക പ്രധാനമാണ്. ഇതിനുള്ള ശ്രമങ്ങളാണ്‌ നടത്തിവരുന്നത്. ആഭ്യന്തര ടൂറിസ്റ്റുകൾക്ക്‌ ജില്ലയിലേക്ക് കടന്നുവരുന്നതിനുള്ള ഇടപെടലുകളും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.