തോപ്പുംപടി : കടൽ കയറിയപ്പോൾ ചെല്ലാനത്തെ സ്വകാര്യ ആശുപത്രിയിൽ അഭയം തേടിയവർക്കും മടങ്ങിപ്പോകാനാകുന്നില്ല. ചെല്ലാനത്ത് കടൽക്ഷോഭത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറിയപ്പോൾ താത്‌കാലികമായി സമീപത്തുള്ള കോർട്ടീന ആശുപത്രിയിൽ അഭയം തേടിയവരാണ് മടങ്ങിപ്പോകാനാവാതെ വിഷമിക്കുന്നത്. മൂന്ന് കുടുംബങ്ങളാണ് കോർട്ടീന ആശുപത്രിയിൽ ഇനി അവശേഷിക്കുന്നത്.

സേവ്യർ ടോണി പുളിയംപറമ്പിൽ, മരിയദാസ്, ഷിബു കാളിപ്പറമ്പിൽ എന്നിവരുടെ കുടുംബങ്ങൾ കഴിഞ്ഞ ഒരു മാസത്തോളമായി ഇവിടെ കഴിയുകയാണ്. നിരവധി കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. കടൽ ശാന്തമായപ്പോൾ അവരൊക്കെ മടങ്ങിപ്പോയി. ജെ.എം.ജെ. സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്.

ചെല്ലാനത്തെ സാധാരണക്കാർ അടിയന്തര ഘട്ടങ്ങളിൽ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. നാട്ടുകാർ ദുരിതത്തിലായപ്പോൾ, ആശുപത്രി അധികൃതർ അവരെ അവിടെ താമസിപ്പിക്കുകയായിരുന്നു. കടൽ ശാന്തമാകുമ്പോൾ ഇവർ തിരിച്ചുപോകുമെന്നും കരുതി. പക്ഷേ, ഇവിടെ താമസിക്കുന്നവരുടെ വീടുകളൊക്കെ നശിച്ചു. വീട് നന്നാക്കാതെ ഇവർക്ക് മടങ്ങിപ്പോകാനാവില്ല.

കുറഞ്ഞ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ മൂന്ന് കുടുംബങ്ങളെ കൂടി താമസിപ്പിക്കാനാവില്ല. മറ്റ് സൗകര്യമില്ലാത്തതിനാൽ ഇവർക്ക് മാറാനും കഴിയുന്നില്ല. ചെല്ലാനത്ത് ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകുമെന്ന് സർക്കാർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഇതുപോലെ മടങ്ങിപ്പോകാൻ വീടുകളില്ലാത്തവരുടെ കാര്യത്തിൽ തീരുമാനമുണ്ടാകുന്നില്ല.

ചെല്ലാനം സെയ്ന്റ് മേരീസ് സ്‌കൂളിലും മൂന്ന് കുടുംബങ്ങളുണ്ട്. ബിജു ജോസഫ് കണ്ണിപ്പുറത്ത്, ആന്ററണി മച്ചിങ്കൽ, ക്ലമന്റ് ചാൾസ് പൊള്ളയിൽ എന്നിവരാണ് ഈ സ്‌കൂളിലുള്ളത്. ഇവർക്ക് വീട് നിർമിച്ചു നൽകാൻ ചിലർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ വീട് നിർമിക്കുന്നതിന് കാലതാമസമുണ്ടാകും. അതുവരെ ഇവരുടെ താമസവും പ്രശ്നമാകുകയാണ്.

വീട് നഷ്ടപ്പെട്ടവർക്കും ഭാഗികമായി നശിച്ചവർക്കും നഷ്ടപരിഹാരം നൽകാൻ ദുരന്ത നിവാരണ അതോറിറ്റി തയ്യാറായിട്ടുണ്ട്. ഇവർക്ക് സാമ്പത്തിക സഹായം നൽകുമെന്നാണ് പറയുന്നത്.

എന്നാൽ ഇവർക്ക് അത്യാവശ്യം വേണ്ടത് താത്‌കാലികമായെങ്കിലും താമസിക്കാനിടമാണ്. അതിന്റെ കാര്യത്തിൽ മാത്രം തീരുമാനമുണ്ടാകുന്നില്ല.മൂന്ന് കുടുംബങ്ങൾ ദുരിതത്തിൽ

താത്‌കാലിക താമസം ഒരുക്കണം

: കടൽ കയറി വീട് നഷ്ടമായവർക്ക് സ്ഥിരം സംവിധാനമുണ്ടാകുന്നതു വരെ താത്‌കാലികമായി താമസിക്കുന്നതിന് സർക്കാർ സൗകര്യം ഏർപ്പെടുത്തണമെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കൺവീനർ ടി.എ. ഡാൽഫിൻ ആവശ്യപ്പെട്ടു. പോകാനിടമില്ലാത്തവരാണ് ആശുപത്രിയിലും മറ്റും കഴിയുന്നത്. ഇവരുടെ കാര്യത്തിൽ ജില്ലാ ഭരണകൂടം ഒരു തീരുമാനവുമെടുക്കുന്നില്ല. അടിയന്തരമായി ഇവർക്ക് താമസ സൗകര്യം ഒരുക്കണമെന്ന് സമിതിയുടെ യോഗവും ആവശ്യപ്പെട്ടു. യോഗത്തിൽ ഫാദർ ജോൺ കണ്ടത്തിപ്പറമ്പിൽ, ഫാദർ വർഗീസ് ചെറുതീയിൽ, ബാബു കാളിപ്പറമ്പിൽ, ടി.എ. ഡാൽഫിൻ തുടങ്ങിയവർ സംസാരിച്ചു.