പോത്താനിക്കാട് : യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിന്‍റെ പേരിൽ പോലീസ് കേസെടുത്തത്‌ രാഷ്ട്രീയ വിരോധം തീർക്കാനാണെന്ന്‌ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടിറ്റോ ആൻറണി. പോക്സോ കേസിൽ അറസ്റ്റിലായ യുവാവിനെ സഹായിച്ചെന്നാരോപിച്ചാണ്‌ പോലീസ് ഷാൻ മുഹമ്മദിന്‍റെ പേരിൽ കേസെടുത്തത്. സംഭവത്തിൽ പ്രതിയായ ആളെ കൂട്ടി പെൺകുട്ടിയുടെ കുടുംബവുമായി പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ മാത്രമാണു ഷാൻ മുഹമ്മദ്‌ ശ്രമിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുളിന്താനം ഇടശേരിക്കുന്നേൽ റിയാസിനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ഇതിനിടെ, പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷാൻ മുഹമ്മദിനെ അറസ്റ്റ്‌ ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എ.എ. അൻഷാദ് ആവശ്യപ്പെട്ടു. പൊതു പ്രവർത്തകൻ എന്ന നിലയിൽ ഇരയോടൊപ്പം നിൽക്കേണ്ടതിനു പകരം പ്രതിയെ സഹായിക്കുന്ന നിലപാടാണു ഷാൻ മുഹമ്മദ്‌ സ്വീകരിച്ചതെന്ന് അൻഷാദ് പറഞ്ഞു.