പറവൂർ : പറവൂർ സാഹിത്യവേദിയുടെ ഗ്രന്ഥശാലാ പുരസ്‌കാരം കെടാമംഗലം പപ്പുക്കുട്ടി സ്മാരക ഗ്രന്ഥശാലാ പ്രസിഡന്റ് പി.പി. സുകുമാരനും സെക്രട്ടറി വി.എസ്. അനിലിനും ലഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തുടക്കംമുതലേ മാതൃകാ പ്രവർത്തനം നടത്തിയതിനും ഗ്രന്ഥശാലയെ ഉയർന്ന ഗ്രേഡിലേക്ക് ഉയർത്തിയതിനുമാണ് ഇവർ പുരസ്‌കാരത്തിന് അർഹരായത്.

സർക്കാർ ഉദ്യോഗസ്ഥനാണ് അനിൽ. പെയിന്റിങ് തൊഴിലാളിയാണ് സുകുമാരൻ. വായനാദിനമായ 19-ന് ലൈബ്രറി ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഇരുവരെയും പുരസ്‌കാരം നൽകി ആദരിക്കും.

ശുചീകരണം

വരാപ്പുഴ : കോട്ടുവള്ളി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഒരാഴ്ചയായി തുടരുന്നു. വാർഡംഗം ബിജു പഴമ്പിള്ളിയുടെ നേതൃത്വത്തിലാണ് വാർഡിലെ പൊതുവഴികളും നിരത്തുകളും കാനകളും ശുചിയാക്കുന്നത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് വാർഡംഗം അറിയിച്ചു.