കുമ്പളങ്ങി : കുമ്പളങ്ങിയിൽ നടപ്പാക്കുന്ന സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി (സാഗി) നാടിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഹൈബി ഈഡൻ എം.പി.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സാഗി’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന പദ്ധതി കുമ്പളങ്ങിയിൽ എല്ലാ അർത്ഥത്തിലും മാറ്റമുണ്ടാക്കുമെന്ന് ഗവർണർ പറഞ്ഞു. ജലാശയങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ സ്ഥലമാണെങ്കിലും, കുമ്പളങ്ങിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന സൗകര്യങ്ങൾ ഇനിയും ആവശ്യമാണ്. നഗര ജീവിതത്തിന്റെ സൗകര്യങ്ങൾ ഗ്രാമത്തിലെ ജനങ്ങൾക്കും ലഭ്യമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കുമ്പളങ്ങി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനു വേണ്ടി വാങ്ങിയ ആംബുലൻസിന്റെ താക്കോൽ ദാനവും 'കുമ്പളങ്ങി വിവര നിധി' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഗവർണർ നിർവഹിച്ചു. മാലിന്യ നിർമാർജനത്തിനുള്ള ട്രൈസൈക്കിൾ വിതരണവും അദ്ദേഹം നിർവഹിച്ചു. ഹൈബി ഈഡൻ എം.പി. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, ജില്ലാ പഞ്ചായത്തംഗം ദിപു കുഞ്ഞുകുട്ടി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ വി.സി. അശോകൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, സെയ്ന്റ് തെരേസാസ് കോളേജ് ഡീൻ ഡോ. നിർമല പദ്‌മനാഭൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ തുടങ്ങിയവർ പങ്കെടുത്തു.