പറവൂർ : വാഹനത്തിരക്ക് ഏറെയുള്ള ദേശീയപാത 66-ലെ പ്രധാന ജങ്ഷനുകളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സീബ്രാലൈനും ഹംപും ഉൾപ്പെടെയുള്ള മുൻകരുതൽ സംവിധാനങ്ങൾ ഇല്ല. ഇതുമൂലം അപകടങ്ങൾക്കിരയാകുന്നത് ഇരുചക്രവാഹനയാത്രികർ ഉൾപ്പെടെയുള്ളവർ.
കഴിഞ്ഞ ദിവസം മാർക്കറ്റിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് യാത്രികൻ കാറിടിച്ച് മരിച്ചതാണ് ഒടുവിലത്തെ സംഭവം. കൂനമ്മാവ് മുതൽ മൂത്തകുന്നം വരെയുള്ള റോഡിൽ പലയിടത്തും വീതികുറവാണ്, എന്നാൽ, വാഹനങ്ങൾ കൂടുതലും. മാർക്കറ്റ് റോഡിൽ ചന്തദിവസം പല വാഹനങ്ങളും റോഡ്‌സൈഡിൽ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
നേരത്തെ, ചന്തദിവസങ്ങളിൽ പോലീസിന്റെ സേവനം ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴിതില്ല. അമിത വേഗത്തിലാണ് ഇതുവഴി പല വാഹനങ്ങളും കടന്നുപോകുന്നത്. ഇവിടെ ഹംപ് സ്ഥാപിച്ചാൽ ഒരുപരിധിവരെ അപകടങ്ങൾ കുറയ്ക്കാനാകും. രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതും അപകടത്തിന് സാധ്യത കൂട്ടുന്നു.
റോഡ് ടാറിങ് ചെയ്തപ്പോൾ റോഡും റോഡരികും തമ്മിലുള്ള ഉയരവ്യത്യാസവും പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇരുചക്രവാഹനയാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.