കൂത്താട്ടുകുളം : ഇടയാർ കാട്ടുപ്പാടം ചിറയ്ക്ക് സമീപം ടിപ്പർ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. വീട് പൂർണമായും തകർന്നു. മരുതുംമൂട്ടിൽ സുരേഷിന്റെ വീടാണ് തകർന്നത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്.
റബ്ബർ ടാപ്പിങ് ജോലികഴിഞ്ഞെത്തിയ സുരേഷിനൊപ്പം മക്കളായ ശബരിനാഥ് (എട്ട്), ഗൗരിനാഥ് (അഞ്ച്) എന്നിവർ വീട്ടിനുള്ളിലുണ്ടായിരുന്നു. ലോറി പിന്നോട്ടുവരുന്ന ശബ്ദം കേട്ട് സുരേഷും മക്കളും ഇറങ്ങിയോടി രക്ഷപ്പെട്ടു. സ്ഥലവും വീടും ഇല്ലാത്ത 14 പേർക്ക് കക്കാട് സ്വദേശിനിയായ സാറാമ്മ സ്ഥലം സൗജന്യമായി നൽകിയ സ്ഥലത്തേക്ക് റോഡ് നിർമാണം നടക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്.
റോഡ് നിർമാണത്തിന്റെ ഭാഗമായി പൊട്ടിച്ചുനീക്കിയ കല്ല് ലോറിയിൽ കയറ്റിയ ശേഷം ഡ്രൈവർ വാഹനത്തിൽ പടുത വലിച്ചുകെട്ടുന്നതിനിടയിൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ടുനീങ്ങി. ലോറിയുടെ പിൻഭാഗം വീടിനുള്ളിലേക്ക് ഇടിച്ചുകയറി. വീട് തകർന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കൂത്താട്ടുകുളം പോലീസും റവന്യൂ അധികൃതരും സംഭവസ്ഥലത്തെത്തി. കൗൺസിലർ സാറാ ടി.എസ്., നഗരസഭാ മുൻ ചെയർമാൻ റോയി എബ്രഹാം, ഫെബിഷ് ജോർജ്, എൻ.കെ. വിജയൻ, അജയ് ഇടയാർ എന്നിവരുടെ നേതൃത്വത്തിൽ ലോറിയുടമയുമായി ചർച്ച നടത്തി. വീട് ആറു മാസത്തിനുള്ളിൽ പുനർനിർമിച്ചുനൽകാമെന്ന് ഇലഞ്ഞി സ്വദേശിയായ ലോറിയുടമ ഉറപ്പുനൽകിയിട്ടുണ്ട്.
അച്ഛനും രണ്ടു മക്കളും രക്ഷപ്പെട്ടു