മൂവാറ്റുപുഴ : ദേശീയപാതയിൽ മൂവാറ്റുപുഴ കീച്ചേരിപ്പടിയിൽ ഓടയും സ്ലാബും ഒടിഞ്ഞ് അപകടത്തിലായി. കാൽനട യാത്രക്കാർ ഓടയിൽ വീഴുന്ന സ്ഥിതിയായിട്ടും അധികാരികൾ അറിഞ്ഞ മട്ടില്ല. സ്ഥലത്ത് മേഖലാ പൗരസമിതിയുടെ നേതൃത്വത്തിൽ അപകടസൂചനാ ബോർഡ് സ്ഥാപിച്ചു.
കീച്ചേരിപ്പടിയിൽ നിന്ന് ആട്ടായം ഭാഗത്തേക്ക് തിരിയുന്ന ഭാഗത്താണ് ദേശീയ പാതയുടെ ഓരം ഇടിഞ്ഞ് ഓടയിലേക്ക് സ്ലാബിന്റെ ഒരു വശം സഹിതം വീണിരിക്കുന്നത്. ഇവിടെ കാൽനട യാത്രക്കാർ പെട്ടെന്ന് റോഡിലേക്കിറങ്ങുന്നതും ശാഖാ റോഡിലേക്കുള്ള വളവായതിനാൽ വാഹനങ്ങൾ തിരിഞ്ഞു കയറുന്നതും വലിയ അപകടത്തിനു സാധ്യതയൊരുക്കുന്നുണ്ട്.
രാത്രിയിൽ അപകടാവസ്ഥ അറിയാതെ നടപ്പാതയിലൂടെ നടന്നു വന്നാൽ സ്ലാബിന്റെ വിടവിലൂടെ യാത്രക്കാർ വീഴും. തിരക്കേറിയ ദേശീയ പാതയിലേക്കായിരിക്കും വീഴ്ച. ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽ പെടാൻ സാധ്യതയുള്ള മറ്റൊരു കൂട്ടർ. റോഡിന്റെ അരികിൽ ഓടയുടെ കെട്ട് കാണാനില്ലാത്ത സ്ഥിതിയാണ്. മഴക്കാലത്ത് വലിയ തോതിൽ വെള്ളം ഒഴുകിയെത്തുന്ന ഇവിടെ റോഡിലെ വെള്ളക്കെട്ടായിരുന്നു ഏറെക്കാലത്തെ പ്രശ്‌നം. റോഡിൽ കട്ട നിരത്തി ഇത് പരിഹരിച്ചപ്പോൾ പൊളിഞ്ഞ ഓടയും സ്ലാബുമാണ് ജീവന് ഭീഷണിയായിരിക്കുന്നതെന്ന് സമിതി പ്രസിഡന്റ് നജീർ ഉപ്പൂട്ടിങ്കൽ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദേശീയ പാത അധികാരികൾക്കും നഗരസഭക്കും പരാതി നല്കിയിട്ടുണ്ട്.