കൊച്ചി: ഫ്ലാറ്റിലെ ക്രൂര പീഡനത്തിനു പിന്നാലെ, നഗരത്തിൽ നടക്കുന്ന ഗാർഹിക-ലൈഗിക പീഡനങ്ങൾ കണ്ടെത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞത് വെറുതെയല്ല. തിങ്കളാഴ്ച നടപടികൾ തുടങ്ങുകയാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്പെഷ്യൽ ഡ്രൈവാണ്‌ കൊച്ചി സിറ്റി പോലീസ് നടത്തുന്നത്. സിറ്റി പരിധിയിലെ എല്ലാ വിഭാഗം പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയുള്ള പരിശോധനയാണു നടത്തുന്നത്.

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച് എ.സി.പി., എസ്.എച്ച്.ഒ. എന്നിവർക്കാണ് നിർദേശം നൽകിയത്. സ്ത്രീകൾ ഇരകളായ കേസുകളിൽ എസ്.എച്ച്.ഒ.മാർ നേരിട്ട് മേൽനോട്ടം വഹിക്കണം. കൃത്യമായി വിവരങ്ങൾ പരിശോധിക്കുകയും വേണം. ഗാർഹിക പീഡനം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ റെസിഡന്റ്‌സ് അസോസിയേഷൻ മീറ്റിങ് വിളിക്കണം. വനിത, കുട്ടികൾ എന്നിവർക്കു നേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിൽ ഉടൻ നടപടി എടുക്കണം എന്നിങ്ങനെയാണ് എസ്.എച്ച്.ഒ.മാർക്കുള്ള പ്രധാന നിർദേശങ്ങൾ.

സ്പീക്ക് അപ്പ് കാമ്പെയിനും സൈബർ പട്രോളിങ്ങും

മറൈൻഡ്രൈവിലെ ഫ്ലാറ്റിലെ പീഡന കേസിലെ ഇരയായ യുവതിയെ പോലീസ് സ്റ്റേഷനു മുന്നിൽ എത്തിച്ചെങ്കിലും ആദ്യവട്ടം ഇവർ ഭയംമൂലം പിൻമാറിയിരുന്നു. ജനമൈത്രിയായി പോലീസ് മാറുമ്പോഴും, സ്റ്റേഷനിലെത്തി പരാതി നൽകാനുള്ള സ്ത്രീകളുടെ ഭയം മാറിയിട്ടില്ല. ഈ ഭയം മാറ്റുകയാണ് ലക്ഷ്യം. ഇതിനായി സ്പീക്ക് അപ്പ് എന്ന പേരിൽ സൈബർ സെല്ലിന്റെ നേതൃത്വത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴി ബോധവത്കരണ കാെമ്പയിൽ നടത്തും. സൈബർ ഡോം, സൈബർ പോലീസ് സ്റ്റേഷൻ, വനിതാ പോലീസ് സ്റ്റേഷൻ എന്നിവരുടെ നേതൃത്വത്തിൽ സൈബർ പട്രോളിങ്ങും ഉണ്ടാകും.

21-ന് റിപ്പോർട്ട് നൽകണം

ഓരോ പോലീസ് സ്റ്റേഷനിലും സ്ത്രീകൾ ഇരയായ പരാതികളുടെ എണ്ണം, തീർപ്പ് കൽപ്പിച്ചവ, തീരുമാനം ആകാത്തവ, എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തവ എന്നിങ്ങനെ ഡേറ്റ തയ്യാറാക്കണം. അതത് സബ് ഡിവിഷനുകൾക്കു കീഴിലുള്ള പോലീസ് സ്റ്റേഷനുകളിലെ വിവരങ്ങളാണു ശേഖരിക്കേണ്ടത്. ഇവ 21-ന് സമർപ്പിക്കണം.

തീർപ്പ് കണ്ടതിലും പുനഃപരിശോധന

തീർപ്പായ പരാതികളിലും അന്വേഷണം നടക്കും. പിങ്ക് പട്രോൾ സംഘത്തിനാണ് ചുമതല. സ്ത്രീകൾ പരാതിക്കാരായ തീർപ്പ് കൽപ്പിച്ച അഞ്ച് പരാതികൾ സംഘം ശേഖരിക്കണം. തീർപ്പ് കൽപ്പിച്ച കാര്യങ്ങളിൽ നിലവിലെ സ്ഥിതി ഇവർ പരിശോധിക്കും. കൺട്രോൾ റൂം എ.സി.പി.ക്കും പിങ്ക് പട്രോൾ വെഹിക്കിൾസിലെ ഉദ്യോഗസ്ഥർക്കുമാണ് ഇതിന്റെ ചുമതല.

ഐ.പി.സി. 376 (ബലാത്സംഗ കുറ്റം), ഐ.പി.സി. 354 (സ്ത്രീകളുടെ അന്തസ്സിനെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുന്ന കാര്യം ചെയ്യുക) എന്നീ വകുപ്പുകളിലും ഐ.ടി. ആക്ട് പ്രകാരം കേസെടുത്ത സംഭവങ്ങളിലും പ്രതികൾ അറസ്റ്റിലായിട്ടുണ്ടോ എന്ന വിവരം ശേഖരിക്കണം. ഡി.സി.ആർ.ബി.യും എസ്.എച്ച്.ഒ.മാരുമാണ് ഈ വിവരങ്ങൾ ശേഖരിക്കേണ്ടത്.

മഫ്തിയിൽ ഇറങ്ങും വനിതാ പോലീസ്

രണ്ട് വനിതാ സി.പി.ഒ.മാർ അടങ്ങുന്ന മഫ്തി സംഘം നഗരത്തിലെ പ്രദേശങ്ങളിൽ പട്രോളിങ് നടത്തണം. ഇതിന്റെ ചുമതല എസ്.എച്ച്.ഒ.മാർക്കാണ്. ജനമൈത്രി ബീറ്റ്‌സിലെ ഉദ്യോഗസ്ഥർ വനിതകൾക്കു നേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കണം. നാർക്കോട്ടിക് കൺട്രോൾ എ.സി.പി.ക്കാണ് ചുമതല. വനിതാ സെൽ, വനിതാ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വരുന്ന കേസുകളിൽ വേഗത്തിൽ പരിഹാരം കാണാൻ എറണാകുളം സെൻട്രൽ എ.സി.പി., ഡി.സി.ആർ.ബി., വനിതാ സെൽ, വനിതാ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന്‌ നടപടി ഉണ്ടാകണം. വനിതാ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീകളെ കണ്ട് പ്രശ്നങ്ങൾ കേൾക്കണം.

മനഃശാസ്ത്രപരമായ ചികിത്സ വേണം

ഗാർഹിക പീഡനങ്ങൾക്കും ലൈംഗിക പീഡനങ്ങൾക്കും ഇരകളാകുന്ന സ്ത്രീകൾക്ക് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോർഡർ വരാം. ഡിപ്രഷൻ, ആങ്സൈറ്റി, ഡിസോർഡർ എന്നിവയുണ്ടാകാം. മനഃശാസ്ത്രപരമായ ചികിത്സ കൂടി നൽകണം. പോലീസിൽനിന്ന് പിന്തുണയും സഹായവും ലഭിക്കുമെന്ന് അറിയുമ്പോൾ ഗാർഹിക പീഡനത്തിന്റെ ഇരകൾ വിവരങ്ങൾ പുറത്തു പറയാൻ തയ്യാറാകും.

- ഡോ. എലിസബത്ത് ആന്റണി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, എറണാകുളം ജനറൽ ആശുപത്രി

സൈബർ പട്രോളിങ് ഫലപ്രദം

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാൻ സൈബർ പട്രോളിങ് ഫലപ്രദമാണ്. എന്നാൽ ഇത് പ്രായോഗികമായി നടത്താൻ സാധിക്കണം. ഇന്റർനാഷണൽ ഫെഡറൽ ഏജൻസികൾ പല രാജ്യങ്ങളിലും സൈബർ പട്രോളിങ് നടത്തിയാണ് കുട്ടികൾക്കു നേരെ ഇന്റർനെറ്റ് വഴിയുള്ള അതിക്രമങ്ങളെ പിടിച്ചുകെട്ടിയത്. പോലീസിൽ പരാതി നൽകാനുള്ള സ്ത്രീകളുടെ ഭയം മാറ്റിയെടുക്കാൻ സോഷ്യൽ മീഡിയ കാെമ്പയിൻ നടത്തുന്നത് നല്ല കാര്യമാണ്.

- ധന്യ മേനോൻ, സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ