കൊച്ചി: കോവിഡ് പ്രതിരോധത്തിനായി ശനിയാഴ്ച മുതൽ വാക്സിനേഷൻ തുടങ്ങും. കോവിഡ് വാക്സിനെക്കുറിച്ചുള്ള ചർച്ചകളാണ് എല്ലായിടത്തും.
സജ്ജീകരണം ഇങ്ങനെ
* അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായുസഞ്ചാരമുള്ള മുറിയാണ് വാക്സിൻ നൽകാനായി തിരഞ്ഞെടുക്കുന്നത്.
* കാത്തിരിപ്പു കേന്ദ്രം, വാക്സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്നു തരത്തിലുള്ള മുറികൾ ഒരു വാക്സിനേഷൻ കേന്ദ്രത്തിൽ ഉണ്ടായിരിക്കും.
* കുത്തിവെച്ച ശേഷം വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റും.
* ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നറിയാൻ അര മണിക്കൂർ നിരീക്ഷണത്തിൽ െവയ്ക്കും.
* വാക്സിൻ സ്വീകരിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഉടൻ ചികിത്സ നൽകുന്നതിന് ആംബുലൻസടക്കമുള്ള സൗകര്യങ്ങൾ.
* ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ വീട്ടിലേക്ക് തിരികെ അയയ്ക്കും. കോവിഡ് പ്രതിരോധ മാർഗങ്ങൾ തുടർന്നും സ്വീകരിക്കാൻ നിർദേശം നൽകും.
കോവിഡ് മുക്തരും വാക്സിനേഷനും
കോവിഡ് മുക്തരായ വ്യക്തികളും വാക്സിൻ എടുക്കണമെന്ന് ആരോഗ്യ വകുപ്പ്. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ വാക്സിൻ സഹായിക്കും. കോവിഡ് സ്ഥിരീകരിക്കപ്പെടുകയോ സംശയിക്കുകയോ ചെയ്യുന്ന വ്യക്തി വാക്സിനേഷൻ കേന്ദ്രത്തിലെത്തിയാൽ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, രോഗലക്ഷണങ്ങൾ മാറി 14 ദിവസം കഴിയുംവരെ വാക്സിൻ സ്വീകരിക്കുന്നത് മാറ്റിവെയ്ക്കാം.
സ്വീകരിക്കേണ്ടത് രണ്ട് ഡോസ്
ആകെ രണ്ട് ഡോസ്. 28 ദിവസങ്ങളുടെ വ്യത്യാസത്തിൽ.
പ്രതിരോധ ശേഷിക്ക് 42 ദിവസം
കുത്തിവെച്ച ഉടൻ രോഗപ്രതിരോധ ശേഷി കൈവരില്ല. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷം രണ്ടാഴ്ചകൊണ്ട് ശരീരത്തിൽ ആന്റി ബോഡികളുടെ രക്ഷാകവചം നിർമിക്കപ്പെടും. ചുരുക്കിപ്പറഞ്ഞാൽ 42 ദിവസമെങ്കിലുമെടുക്കും.
മുൻഗണന ഇവർക്ക്
രോഗസാധ്യത കൂടുതലുള്ളവർക്ക്. ആദ്യം ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളുമായി നേരിട്ടിടപെടുന്ന പോലീസ്, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ എന്നിവരും.
രണ്ടാമത്തെ വിഭാഗത്തിൽ 50 വയസ്സിന് മുകളിലുള്ളവരും 50 വയസ്സിൽ താഴെയുള്ള മറ്റു രോഗബാധിതരും. ഇതിനുശേഷമാകും മറ്റുള്ളവർക്ക് ലഭിക്കുക.
വിശ്രമം ആവശ്യം
കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം കുത്തിവെപ്പ് കേന്ദ്രത്തിൽ അര മണിക്കൂറെങ്കിലും വിശ്രമിക്കണം. അസ്വസ്ഥതയോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക. മാസ്കും സാനിറ്റൈസറും ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യുക.
രോഗബാധിതർക്ക് സ്വീകരിക്കാമോ?
* കാൻസർ, പ്രമേഹം, രക്താതിമർദം തുടങ്ങിയവയ്ക്ക് മരുന്ന് കഴിക്കുന്നവർക്കും വാക്സിനേഷൻ സ്വീകരിക്കാം. ഇത്തരം രോഗങ്ങളുള്ളവർക്ക് കോവിഡ് രോഗസാധ്യത കൂടുതലായതിനാൽ നിർബന്ധമായും വാക്സിൻ സ്വീകരിക്കണം.
രജിസ്‌ട്രേഷൻ നിർബന്ധം
വാക്സിനേഷൻ സ്വീകരിക്കുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്താൽ മാത്രമേ കുത്തിവെപ്പ് എടുക്കുന്ന സ്ഥലം, സമയം മുതലായ വിവരങ്ങൾ ലഭിക്കൂ. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരിശോധിക്കും.
* ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം വാക്സിനേഷൻ നൽകുന്ന തീയതി, സമയം, സ്ഥലം എന്നീ വിവരങ്ങൾ ഫോണിൽ എസ്.എം.എസ്. ആയി ലഭിക്കും. ഓരോ ഡോസ് വാക്സിനേഷനു ശേഷവും എസ്.എം.എസ്. ലഭിക്കും. മുഴുവൻ ഡോസും പൂർത്തിയായാൽ ക്യു.ആർ.കോഡ് ഉള്ള സർട്ടിഫിക്കറ്റും രജിസ്റ്റർ ചെയ്ത നമ്പറിലേക്കെത്തും.