അരൂർ : നിലംപതിച്ചും ചാഞ്ഞും ചരിഞ്ഞും ദേശീയപാതയിലെ വൈദ്യുതത്തൂണുകൾ. പരാതി നൽകിയിട്ടും പ്രതിഷേധിച്ചിട്ടും അധികൃതർ ചെവിക്കൊള്ളുന്നില്ലെന്ന് റോഡ് വികസന സമിതി.

അരൂർ മുതൽ തെക്ക് തുറവൂർ വരെയുള്ള ദേശീയപാതയുടെ മീഡിയനിലെ വൈദ്യുത വിളക്കുകളാണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിസൃഷ്ടിക്കുന്ന വിധത്തിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത്. വിളക്കുകാലുകളിൽ പലതും വാഹനമിടിച്ച്‌ തകർന്നിട്ടുണ്ട്. വെറുതേ നിലംപതിച്ചവയും ധാരാളമുണ്ടെന്ന് ആക്ഷേപമുണ്ട്.

വെളിച്ചക്കുറവാണ് പാതയിലെ വാഹനാപകടങ്ങൾക്ക് പ്രധാന കാരണമെന്ന് ജില്ലാ പോലീസ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. രാത്രിയിൽ വൈദ്യുതവിളക്കുകൾ തെളിയുന്നുണ്ടെങ്കിലും വെളിച്ചം കുറവാണെന്നും വാഹനാപകടങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലുണ്ട്. നിലവാരമില്ലാത്ത പോസ്റ്റുകളും വേണ്ടത്ര വെളിച്ചമില്ലാത്ത ലൈറ്റുകളും മാറ്റിസ്ഥാപിക്കണമെന്ന് അരൂർ മേഖലയിലെ വാഹനാപകടങ്ങൾ ചർച്ചയായ സമയത്ത് പരക്കെ ആവശ്യമുയർന്നതാണ്.

എന്നാൽ, വൈദ്യുതത്തൂണുകളും വിളക്കുകളും നീക്കംചെയ്ത് പുതിയവ സ്ഥാപിക്കാൻ ആരും തയ്യാറായിട്ടില്ല. ബൈപ്പാസ് കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് ഏറെ നാളുകളായി അണഞ്ഞുകിടക്കുകയാണ്. വൈറ്റില ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കുമ്പളം പാലത്തിൽ കയറുന്നതു മുതൽ ഇരുട്ട് തുടങ്ങും. പാലത്തിലൊരു വിളക്കുപോലുമില്ല. തെക്കോട്ട് നീങ്ങിയാൽ ദേശീയപാതയിൽ നേരിയ വെളിച്ചം മാത്രമാണുള്ളത്. അരൂർ ക്ഷേത്രം കവലയിലെ മീഡിയനിലും ആവശ്യത്തിന് വെളിച്ചമില്ല. കവലയിലെ വൈദ്യുതിത്തൂണുകളും അപകടകരമായ വിധത്തിൽ ചാഞ്ഞുനിൽക്കുകയാണ്.

അന്താരാഷ്ട്ര നിലവാരത്തിൽ അരൂരിലെ പാതകളും ട്രാഫിക് ഐലൻഡുകളും നവീകരിക്കുമെന്ന് ഏറെ നാളുകളായി പറയുന്നുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല.