കർഷകർ പറയുന്നുകരുമാല്ലൂർ : എന്നും കതിർമണികൾ കണികണ്ടുണർന്ന പാടശേഖരങ്ങളായിരുന്നു കാർഷിക ഗ്രാമമായ ആലങ്ങാട്ടിലേത്.
ഇപ്പോൾ ഒരു നെൻമണി കാണണമെങ്കിൽ സമീപ പഞ്ചായത്തുകളിലേക്ക് പോകണം. കരുമാല്ലൂരിൽ നെൽകൃഷി ആയിരമേക്കറിലേക്ക് അടുക്കുമ്പോൾ ആലങ്ങാട് പഞ്ചായത്തിൽ തരിശായിക്കിടക്കുന്നത് 900 ഏക്കർ നെൽപ്പാടങ്ങൾ.
പ്രധാനമായും അഞ്ച് പാടശേഖരങ്ങളാണ് ആലങ്ങാട്ടുള്ളത്. പാനായിക്കുളത്തെ കരിയച്ചാൽ, തിരുവാല്ലൂരിലെ എഴുവച്ചിറ, നീറിക്കോടെ കുരിയച്ചാൽ, ആലങ്ങാട്ടെ അഴകപ്പാടം, കരിങ്ങാംതുരുത്തിലെ നീലക്കായി എന്നിവ.
ഇതിന്റെയെല്ലാംകൂടി വിസ്തൃതി ആയിരം ഏക്കറിലധികമായിരുന്നു. എന്നാൽ, ചിലയിടങ്ങൾ നികത്തി കെട്ടിടങ്ങൾ വന്നു. കൃഷിക്കനുയോജ്യമായ പാടങ്ങൾ തരിശായിക്കിടക്കുന്നു. പാടശേഖരങ്ങൾ
റിയൽ എസ്റ്റേറ്റ് മോഹങ്ങൾ
ഈ പാടശേഖരങ്ങളെല്ലാം വാങ്ങിക്കൂട്ടിയത് റിയൽ എസ്റ്റേറ്റ് ലക്ഷ്യംവച്ചുള്ള ഉടമകളാണ്. അടുത്തകാലംവരെ അവർക്ക് ഈ പാടശേഖരത്തിന്റെ പല ഭാഗങ്ങളും തരംമാറ്റി വിൽക്കാനായി. കൃഷിവകുപ്പിന്റെ ഡേറ്റാ ബാങ്ക് നിലവിൽവന്നതോടെ വിൽപ്പന നിലച്ചു. എന്നാൽ, കൃഷിക്കായുള്ള അനുമതിയും നൽകുന്നില്ല.
കരിങ്ങാംതുരുത്തിലെ നീലക്കായിയിൽ ഇപ്പോഴും നൂറുമേനി വിളവുണ്ടാക്കാമെന്ന് കർഷകർ പറയുന്നു. ഇവിടത്തെ കുളത്തിൽനിന്നും വെള്ളം പമ്പുചെയ്തെടുക്കാമെന്നതു കൊണ്ട് മൂന്നു സീസണിൽ കൃഷിചെയ്യാം.
അഴകപ്പാടത്തിന്റെ പകുതിഭാഗം നികത്തി. ബാക്കി സ്ഥലത്ത് ഒറ്റപ്പെട്ട ചിലർ കൃഷിചെയ്യുന്നുണ്ട്. എന്നിട്ടും 25 ഏക്കറോളം തരിശുണ്ട്.
തിരുവാല്ലൂർ എഴുവച്ചിറയിലും പാനായിക്കുളത്തെ കരിയച്ചാലിലുമാണ് ഒരു നാമ്പുപോലും മുളയ്ക്കാത്തത്. ഇതുമാത്രം എഴുന്നൂറേക്കറോളം വരും.
എഴുവച്ചിറപ്പാടത്തിന്റെ കിഴക്കേയറ്റം കടുങ്ങല്ലൂർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു. അവിടെ കടുങ്ങല്ലൂർ പഞ്ചായത്ത് ഇടപെട്ട് 15 ഏക്കറിൽ മുണ്ടകൻകൃഷി ഇറക്കിയിട്ടുണ്ട്. അതും ആരും മാതൃകയാക്കുന്നില്ല.
പാനായിക്കുളത്തെ കരിയച്ചാലിന്റെ ഭാഗമായ കാക്കപ്പനം, വെളിയോട്, കുരീത്താഴം പ്രദേശങ്ങളെല്ലാംതന്നെ തരിശായിക്കിടക്കുന്നു. നീറിക്കോട് കുരിയച്ചാലിൽ കുറച്ചുഭാഗം കൃഷി ചെയ്യുന്നുണ്ടെങ്കിലും വലിയൊരുഭാഗവും തരിശാണ്.